മലപ്പുറം: കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കാനുള്ള നടപടികള്‍ നിര്‍ത്തിവച്ചെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് ശേഷവും മഞ്ചേരിയില്‍ വിവരശേഖരണത്തിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് സര്‍ക്കുലര്‍ അയച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മലപ്പുറം ജില്ലാ കലക്‌ടര്‍ ജാഫര്‍ മാലിക്. സര്‍ക്കാരിന്‍റെ വ്യക്തമായ നിര്‍ദേശത്തിന് ശേഷവും ഇത്തരം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്‌ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
മഞ്ചേരി മുനിസിപ്പാലിറ്റിയില്‍ നിന്നും സ്‌കൂളുകളിലേക്ക് അയച്ച എന്‍പിആര്‍ സംബന്ധിച്ച് പരാമര്‍ശിക്കുന്ന കത്ത് ശ്രദ്ധയില്‍പ്പെട്ടു. സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ ലഭിച്ച നിര്‍ദേശം എല്ലാ ഫീല്‍ഡ് ഓഫിസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്ക്കാരിന്റെ നിര്‍ദേശപ്രകാരം സെന്‍സസുമായി ബന്ധപ്പെട്ട നടപടികള്‍ മാത്രമേ ജില്ലയില്‍ നടക്കുന്നുള്ളൂ. കൂടാതെ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി എന്‍പിആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയിലൊരിടത്തും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍പിആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവരശേഖരണത്തിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടാണ് സെന്‍സസ് ഡിപ്പാര്ട്ട്‌മെന്റ് മലപ്പുറം ജില്ലയിലെ മഞ്ചേരി തുറയ്ക്കല്‍ സ്‌കൂള്‍, എച്ച്‌എംവൈഎച്ച്‌എസ്, ചുള്ളക്കാട് യുപി സ്‌കൂൾ തുടങ്ങി പന്ത്രണ്ടോളം സ്‌കൂള്‍ അധികൃതര്‍ക്ക് കത്തയച്ചത്. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ വിവരങ്ങള്‍ പ്രത്യേക പ്രൊഫോമയില്‍ തയ്യാറാക്കി അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിന് അനുബന്ധമായി സെന്‍സസ് വകുപ്പ് ഈ മാസം 21ന് അയച്ചുകൊടുത്ത പ്രൊഫോമയില്‍ എന്‍പിആര്‍ ആരംഭിക്കണമെന്നും അതിനായി അധ്യാപകരുടെ വിവരങ്ങള്‍ നല്‍കണമെന്നും സൂചിപ്പിച്ചിരുന്നു.