മലപ്പുറം : കാമുകിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മധ്യവയസ്‌കന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ചുങ്കത്തറ അമ്പലപ്പൊയിലില്‍ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. തരിയക്കോട് അഷറഫാണ് (55) പെരിമ്പിലാവ് ശാന്തകുമാരിയെ (47) വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം വിഷം കഴിച്ചത്.
ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ബുധനാഴ്‌ച പുലർച്ചെ 4.30 ന് ശാന്തകുമാരി തൊഴുത്തിൽ പശുവിനെ കറക്കുന്നതിനിടെ എത്തിയാണ് അഷറഫ് വെട്ടിയത്. ശേഷം, ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കഴുത്തിന് ഉൾപ്പടെ സ്‌ത്രീയ്‌ക്ക് പരിക്കേറ്റു. വിവാഹിതനായ അഷറഫിന് ഭാര്യയും മക്കളുമുണ്ട്.
ALSO READ: മീഡിയവണ്ണിന്‍റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും തള്ളി ; സുപ്രീം കോടതിയിലേക്ക്
ശാന്തകുമാരി അവിവാഹിതയാണ്. ഏറെ കാലമായി ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നു. മദ്യപാനിയായ അഷറഫ്, ഇവരെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവായിരുന്നു. ഇതേതുടര്‍ന്ന്, ശാന്തകുമാരി ഇയാളുമായി അകന്നു. തുടർന്ന്, വാര്‍ഡ് മെമ്പര്‍ ഉള്‍പ്പടെയുള്ളവർ ഇരുവരുടെ വീട്ടുകാരുമായും സംസാരിച്ച് ബന്ധം അവസാനിപ്പിച്ചു.
ഇതിനിടയിൽ അഷറഫ് വീണ്ടും ശാന്തകുമാരിയെ ശല്യം ചെയ്‌തു. ഇതോടെ, ഇവർ ഇന്നലെ എടക്കര പൊലീസിൽ പരാതി നൽകി. ഇത് അഷറഫിനെ പ്രകോപിപ്പിച്ചതിനെ തുടര്‍ന്നാണ് ആക്രമണം.