മലപ്പുറം : കരുത്തിൻ്റെയും കരുതലിൻ്റെയും പ്രതീകമായി താൻ വളർത്തുന്ന 1000 കിലോയ്‌ക്ക് മുകളിൽ തൂക്കമുള്ള പോത്തിന്‍റെ പിറന്നാളാഘോഷിച്ച് മലപ്പുറത്തെ ഒരു കർഷകൻ. കാളികാവ് പൂങ്ങോട് തൊടികപ്പുലം നീലേങ്ങാടൻ ബഷീറാണ് താൻ ഓമനിച്ച് വളർത്തുന്ന രാജമാണിക്യൻ എന്ന പോത്തിന്‍റെ നാലാം ജന്മദിനം ആഘോഷിച്ചത്. വാർഡ് മെമ്പർ ഷിജിമോൾ കേക്ക് മുറിച്ചു.
നാല് വർഷം മുമ്പ് വാണിയംകുളം ചന്തയിൽ നിന്ന് വാങ്ങിയ രണ്ട് പോത്തുകളിൽ ഒന്നാണ് രാജമാണിക്യന്‍. സ്വന്തം മക്കളെപ്പോലെ കരുതലും ഭക്ഷണവും നൽകി പോത്തിനെ വളർത്തിയത് വെറുതെയായില്ല. പത്ത് ലക്ഷം രൂപ വരെ പലരും വില പറഞ്ഞെങ്കിലും ബഷീർ തന്‍റെ പോത്തിനെ വിൽക്കാൻ തയ്യാറായിട്ടില്ല.
ALSO READ: 'മീന്‍സ്' : പുതിയ സംരംഭവുമായി ബിനോയ് കോടിയേരി
മുറ ഇനത്തിൽപെട്ട പോത്താണെന്നാണ് വെറ്ററിനറി ഡോക്ടറുടെ അഭിപ്രായം. ആഴ്‌ചയിലൊരിക്കൽ രാജമാണിക്യനെ പരിശോധിക്കാൻ ഡോക്ടർ വീട്ടിലെത്തും. മലപ്പുറം ജില്ലയിൽ രാജമാണിക്യനെ വെല്ലാൻ മറ്റൊരാളില്ല എന്നതാണ് നാട്ടുകാരുടെ പക്ഷം.
പ്രത്യേക ഭക്ഷണവും വെള്ളവുമാണ് പോത്തിന് നൽകുന്നത്. തടി പരിധി വിട്ടതിനാൽ ഇപ്പോൾ ഭക്ഷണത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കർഷകനും പോത്തും തമ്മിലുള്ള ഇണക്കവും ബന്ധവും സ്നേഹവുമെല്ലാം നാട്ടുകാർക്കും ഏറെ കൗതുകമാണ്.