മലപ്പുറം: നിലമ്പൂർ ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവ് കാരണം മുടങ്ങുന്നത് 11 സർവീസുകൾ. പ്രതിദിനം 48 സർവീസുകളിലൂടെ എട്ട് ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്നത് നിലവിൽ ഏഴ് ലക്ഷമായി കുറഞ്ഞു. എന്നാൽ ഡ്രൈവർമാരുടെ കുറവുമൂലം നിലവിൽ 34 മുതൽ 37 സർവീസുകളാണ് നടത്തുന്നതെന്ന് ഡിപ്പോ എടിഒ വി.എസ് സുരേഷ് പറഞ്ഞു. സർവീസുകളുടെ എണ്ണം അനുസരിച്ച് 116 ഡ്രൈവർമാരാണ് വേണ്ടത്. എന്നാൽ നിലവിൽ 100 ഡ്രൈവർമാരാണ് ഉള്ളത്. ഇതിൽ മൂന്ന് പേർ മെഡിക്കൽ ലീവിലും നാല് പേർ ആക്‌സിഡന്‍റ് കേസുകളുമായി ബന്ധപ്പെട്ട് സസ്പെൻഷനിലുമാണ്. വഴിക്കടവ്- കോഴിക്കോട് ടൗൺ ടു ടൗൺ സർവീസുകളും മുടങ്ങിയിരിക്കുകയാണ്. നിലവിലുള്ള 93 ഡ്രൈവർമാരിൽ 10 പേർ എം.പാനൽകാരാണ്. ഡ്രൈവർമാരുടെ കുറവ് നികത്താൻ നടപടി ഉണ്ടായില്ലെങ്കിൽ ലാഭത്തിലുള്ള ഡിപ്പോ താമസിയാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തും. നിലവിൽ കണ്ടക്ടർമാരുടെ എണ്ണത്തിൽ ഒരാളുടെ കുറവ് മാത്രമാണുള്ളത്. കെഎസ്ആർടിസിയെ ആശ്രയിക്കുന്ന മലയോര മേഖലകളിലെ ജനങ്ങൾ ഏറെ ദുരിതത്തിലായിരിക്കുയാണ്.
കെഎസ്ആർടിസി നിലമ്പൂർ ഡിപ്പോയിലെ പണി പൂർത്തിയാക്കാത്ത ഷോപ്പിങ് കോംപ്ലക്‌സിന്‍റെ ടെൻഡർ ധാരണയായത് ആശ്വാസകരമാണ്. 1.05 കോടി രൂപക്കാണ് നിലമ്പൂർ കേന്ദ്രീകരിച്ചുള്ള ഒരു സൊസൈറ്റി 15 വർഷത്തേക്ക് കോംപ്ലക്‌സ് പാട്ടത്തിനെടുത്തതെന്ന് നിലമ്പൂർ ഡിപ്പോ എടിഒ വി.എസ്. സുരേഷ് പറഞ്ഞു. കോംപ്ലക്‌സിലെ മുറികൾ വാടകയ്ക്ക് നൽകുന്നതിനുള്ള അവകാശം സൊസൈറ്റിക്കായിരിക്കും. 15 വർഷം കഴിയുമ്പോൾ സൊസൈറ്റി കെട്ടിടം കെഎസ്ആർടിസിക്ക് നൽകണം. എന്നാൽ ഇപ്പോൾ കൊടുക്കുന്ന 1.05 കോടി രൂപ അന്ന് സൊസൈറ്റിക്ക് തിരികെ ലഭിക്കില്ല. കെട്ടിടത്തിൽ നിന്നും ലഭിക്കുന്ന വാടകയും അഡ്വാൻസും സൊസൈറ്റിക്ക് എടുക്കാം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് മൂന്ന് ടെൻഡറുകളിൽ നിന്നും ഏറ്റവും കൂടുതൽ തുക കാണിച്ച ടെൻഡറിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.