മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച നേട്ടം കൈവരിക്കുമ്പോൾ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ വൻ തോൽവി ഏറ്റു വാങ്ങി ഇടതു മുന്നണി. ഇവിടെ നാമമാത്രമാണ് സിപിഎമ്മിന്‍റെ വിജയം.
ഏത് പ്രതിസന്ധി ഘട്ടത്തിലും ഒപ്പം നിന്നിരുന്ന 12, 21, 23 എന്നീ വാർഡുകളും കൈ വിട്ടതോടെ സിപിഎമ്മിന്‍റെ പരാജയത്തിന്‍റെ ആഘാതം ഇരട്ടിയാക്കി. മൂന്നു തവണ പഞ്ചായത്തിൽ പ്രസിഡന്‍റുമാരെ സമ്മാനിച്ച 12-ാം വാർഡ് കൈവിട്ടത് പാർട്ടിക്ക് വലിയ നഷ്‌ടമായിരിക്കും. സലീന താണിയനാണ് ഇവിടെ 40 വർഷത്തെ ചരിത്രം മാറ്റി കുറിച്ചത്. ഇടതുപക്ഷത്തോടൊപ്പം എന്നും സഞ്ചരിച്ച 23-ാം വാര്‍ഡില്‍ ഇപ്രാവശ്യം ഷബീര്‍ കറുമുക്കില്‍ ജയിച്ചത് 300 ലധികം വോട്ടുകള്‍ക്കാണ്. 21-ാം വാര്‍ഡില്‍ 400ലധികം വോട്ടുകള്‍ക്കാണ് ബഷീര്‍ തൂമ്പലക്കാടനും വിജയിച്ചത്. തെരഞ്ഞെടുപ്പിൽ വികസന മുരടിപ്പ് തന്നെയായിരുന്നു യുഡിഎഫിന്‍റെ പ്രധാന പ്രചാരണ തന്ത്രം. ഇത് ജനങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റാനും വോട്ടാക്കി മാറ്റി ഭരണത്തിലെത്താൻ യുഡിഎഫിനെ സഹായിക്കുകയും ചെയ്‌തു.
1,2,3,5,8, 11, 12, 15, 16, 19, 21, 22,23 എന്നീ വാർഡുകളിൽ യുഡിഎഫിനും 4, 6, 7, 10, 13, 14, 17, 18, 20 എന്നീ വാർഡുകളിൽ എൽഡിഎഫും ഒൻപതാം വാർഡിൽ ബിജെപിയുമാണ് വിജയിച്ചത്.