മലപ്പുറം: അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് ഇതര സംസ്ഥാനതൊഴിലാളികള്‍ മരിച്ചു. കോട്ടക്കൽ പെരുങ്കുളം ചെങ്കൽ ക്വാറിയിലാണ് അപകടം. അസം സ്വദേശികളായ സനേവർ അലി, അബ്‌ദുൽ ഖാദർ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മാണിയോട് അപകടമുണ്ടായത്. മണ്ണിനടിയില്‍പെട്ട രണ്ട് പേരും തല്‍ക്ഷണം മരിച്ചു. അപകടമുണ്ടാകുമ്പോൾ അഞ്ച് തൊഴിലാളികളാണ് ക്വാറിയില്‍ ഉണ്ടായിരുന്നത്. മൂന്ന് പേർ രക്ഷപെട്ടു. അശാസ്ത്രീയമായ രീതിയിൽ മണ്ണെടുപ്പ് നടക്കുന്ന ക്വാറിയുടെ മുകൾ ഭാഗത്ത് സൂക്ഷിച്ചിരുന്ന മണ്ണ് തൊഴിലാളികളുടെ മേൽ ഇടിഞ്ഞു വീഴുകയായിരുന്നു.
നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അനുമതി ഇല്ലാതെയാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു. ആർഡിഒ, തഹസിൽദാർ, വില്ലേജ് ഓഫീസർ തുടങ്ങിയ റവന്യൂ സംഘം സംഭവസ്ഥലം സന്ദർശിച്ചു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ തുടർനടപടികൾക്കായി തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.