മലപ്പുറം: അതിശക്തമായ മഴയിൽ കാളികാവ് അടക്കാക്കുണ്ട് ചങ്ങണം കുന്നിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് വീടുകൾ തകർച്ച ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്.
വെള്ളിലാം കുന്നൻ സുരയ്യയുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞത്. തൊട്ടു മുകളിലെ ഐക്കര തെക്കേൽ ഉഷയുടെ വീട്ടുമുറ്റം ഇടിഞ്ഞ് സുരയ്യയുടെ വീടിനു മുകളിൽ പതിക്കുകയായിരുന്നു. മണ്ണിടിച്ചിൽ കാരണം ഉഷയുടെ വീടും തകർന്നു വീഴുമെന്ന ഭീതിയിലാണ് കുടുംബം കഴിയുന്നത്.
വെള്ളിലാം കുന്നൻ ഉമ്മുസൽമയുടെ വീടിനോട് ചേർന്ന ഭാഗത്ത് വിള്ളൽ കാണപ്പെട്ടിട്ടുണ്ട്. മലയുടെ മുകളിൽ നിന്നും കുത്തിയൊലിച്ചെത്തിയ വെള്ളം വീടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങിയതാണ് മണ്ണിടിച്ചിലുണ്ടാകാൻ കാരണമായത്. കോട്ട വളപ്പിൽ സിബിയുടെ വീടിനു മുന്നിലും മണ്ണിടിഞ്ഞിട്ടുണ്ട്.
വളരെ അപകടകരമായ അവസ്ഥയിൽ, അമ്പതോളം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഇടിഞ്ഞ ഭാഗം അടിയന്തരമായി സംരക്ഷിച്ചില്ലെങ്കിൽ ഉഷയുടെ വീടും സുരയ്യയുടെ വീടും തകർന്നു വീഴാൻ സാധ്യത ഏറെയാണ്. മഴ തുടരുന്നതിനാൽ വീട്ടുകാർ ഭീതിയിലാണ്.