മലപ്പുറം: സമഗ്രശിക്ഷ കേരളയുടെ ഗൃഹാധിഷ്ഠിത പഠനം നടത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ചാലിയാറിലൂടെ ബോട്ട് യാത്ര സംഘടിപ്പിച്ച് കൊണ്ടാട്ടി ബി.ആർ സി. ഇരുപത് ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് ചാലിയാറിലൂടെ ഹൗസ് ബോട്ട് യാത്ര സംഘടിപ്പിച്ചത്. പ്രയാസം അനുഭവിക്കുന്ന കുട്ടികളുമൊത്ത് പുറത്ത് പോകാൻ പ്രയാസപ്പെടുന്ന രക്ഷിതാക്കൾക്കും ഇത് ആശ്വാസമായി.
സാഫല്യം എന്ന പേരിലുള്ള ബോട്ട് യാത്രക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണറോട്ട് ഫാത്തിമ ഫ്ലാഗ് ഓഫ് നിർവഹിച്ചു. യാത്രയിൽ കലാഭവൻ അനിലാലിന്റെ നാടൻ പാട്ടും കലാ പരിപാടികളും അരങ്ങേറി. കുട്ടികളും രക്ഷിതാക്കളും കലാ പരിപാടികളും അവതരിപ്പിച്ചു. യാത്ര ഏറെ രസകരമായിരുന്നെന്ന് കുട്ടികൾ പറഞ്ഞു. എളമരം കരീം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജൈസൽ എളമരം,ബിപിഒ ദിലീപ്, പ്രധാനധ്യാപകൻ അബ്ദുൽ കരീം, സംസാരിച്ചു.ബി ആർ സി ട്രൈനർമാർ നേതൃത്വം നൽകി.