മലപ്പുറം: കൊവിഡ് ചികിത്സയില്‍ കഴിഞ്ഞ ആറു പേര്‍ തിരികെ ജീവിതത്തിലേക്ക്. രോഗബാധയെത്തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുപേരും ആശുപത്രി വിട്ടു. മികച്ച രീതിയിൽ പരിചരണം നൽകിയ ഡോക്‌ടർമാരോടും ആശുപത്രി ജീവനക്കാരോടും യാത്ര പറഞ്ഞാണ് ഇവര്‍ മടങ്ങിയത്.
ജില്ലയിലെ ആദ്യ കൊവിഡ് ബാധിതരില്‍ ഒരാളായ അരീക്കോട്ടെ 60 കാരിയുള്‍പ്പെടെയുള്ളവര്‍ രോഗം ഭേദമായി മടങ്ങുന്നവരില്‍ ഉള്‍പ്പെടും. മാര്‍ച്ച് 13ന് വൈറസ് ബാധ സ്ഥിരീകരിച്ച അരീക്കോട് ചെമ്രക്കാട്ടൂര്‍ വെള്ളേരി സ്വദേശിനി, മാര്‍ച്ച് 24ന് വൈറസ് ബാധ സ്ഥിരീകരിച്ച താനൂര്‍ താനാളൂര്‍ മീനടത്തൂര്‍ സ്വദേശി, മാര്‍ച്ച് 22ന് രോഗബാധ കണ്ടെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി, വേങ്ങര കൂരിയാട് സ്വദേശി, മാര്‍ച്ച് 29 ന് രോഗബാധ കണ്ടെത്തിയ മഞ്ചേരി പയ്യനാട് സ്വദേശി, ഏപ്രില്‍ 1ന് കൊവിഡ് ബാധ സ്ഥിരീകരിച്ച എടപ്പാള്‍ സ്വദേശി എന്നിവരാണ് രോഗം ഭേദമായി ഇന്ന് വീടുകളിലേക്ക് മടങ്ങിയത്. ആറുപേരും വ്യത്യസ്ത 108 ആംബുലൻസിൽ വീടുകളിലേക്ക് യാത്രയായി. സംസ്ഥാന സര്‍ക്കാരിന്‍റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ജില്ലയിലെ ചിട്ടയായ പ്രവര്‍ത്തനങ്ങളുടെയും വലിയ വിജയമാണിത്.