മലപ്പുറം: പോളിങ് സാമഗ്രികൾ അടങ്ങിയ കിറ്റുകൾ വിതരണത്തിനൊരുങ്ങി. ജില്ലയിൽ ആകെ 33,21,038 വോട്ടർമാരാണുളളത്. വനിതകളാണ് കൂടുതൽ (18,84,017). 16,56,996 പുരുഷ വോട്ടർമാരും 26 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ് ജില്ലയിലുള്ളത്. തിരൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ( 2,29,458).
വനിതാവോട്ടർമാരും പുരുഷ വോട്ടർമാരും തിരൂരിൽതന്നെയാണ് കൂടുതൽ. 1,16,691 വനിതാ വോട്ടർമാരും 1,12,759 പുരുഷ വോട്ടർമാരുമാണ് തിരൂരിലുള്ളത്. ഏറനാട് മണ്ഡലത്തിലാണ് ജില്ലയിൽ ഏറ്റവും കുറവ് വോട്ടർമാർ (1,79,786 ). ഏറ്റവും കൂടുതൽ ട്രാൻജെൻഡർ വോട്ടർമാരുള്ളത് തിരൂരിലുള്ളത് (8) . നിലമ്പൂരിൽ ആറ് , താനൂരിൽ അഞ്ച് , വേങ്ങര , പൊന്നാനി മണ്ഡലങ്ങളിൽ രണ്ടുപേർ വീതം , ഏറനാട് , തിരൂരങ്ങാടി മണ്ഡലങ്ങളിൽ ഒരാൾ വീതവുമാണ് ട്രാൻസ്ജെൻഡർ വോട്ടർമാർ .
2753 പോളിങ് സ്റ്റേഷനുകളും 2122 ഓക്സിലറി പോളിങ് സ്റ്റേഷനുകളുമുൾപ്പെടെ 4875 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ആയിരത്തിനു മുകളിൽ വോട്ടർമാരുള്ള ബൂത്തുകളെ രണ്ടാക്കി വിഭജിക്കുന്നതിനാലാണിത് . എല്ലാ ബുത്തിലും വൈദ്യുതി , കുടിവെള്ളം , ഭിന്ന ശേഷിക്കാർക്കായി റാമ്പ് സൗകര്യം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് . പ്രശ്‌ന സാധ്യതാബൂത്തുകളിൽ കേന്ദ്ര സായുധസേനയുടെ സാന്നിധ്യമുണ്ടാകും. 2100 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റിങ് സംവിധാനമുണ്ടാകും.
86 ബൂത്തുകളിൽ മുഴുവൻ സമയ വീഡിയോ റെക്കോഡിങ്ങുമുണ്ടാകും. നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലെ 80 പോളിങ് സ്റ്റേഷനുകൾ പൂർണമായും വനിതകൾ നിയന്ത്രിക്കും . ഓരോ മണ്ഡലത്തിലും അഞ്ചുവീതം പോളിങ് സ്റ്റേഷനുകളാണ് വനിതാ പോളിങ് ഉദ്യോഗസ്ഥർ നിയന്ത്രിക്കുക. ഇതിൽ മൂന്നെണ്ണം മാതൃകാ പോളിങ് സ്റ്റേഷനുകളാണ്.