മലപ്പുറം: മിൽമ ക്ഷീര സദനത്തിന്‍റെ താക്കോൽദാനം നടന്നു. ഇടിവണ്ണ ക്ഷീര സംഘത്തിലെ അംഗമായ മൂലേപ്പാടം എച്ച് ബ്ലോക്കിലെ ചിന്നമ്മക്ക് മിൽമ മലബാർ മേഖല യൂണിയൻ, പൊതു നൻമ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വീടിന്‍റെ താക്കോൽദാനവും ഉദ്ഘാടനവുമാണ് നടന്നത്. മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ് മണി ഉദ്ഘാടന കർമം നിർവഹിച്ചു.
ജില്ലയിൽ നിന്നും ഒരു ക്ഷീര കർഷകന് ഓരോ വർഷവും വീട് നിർമിക്കാൻ അഞ്ച് ലക്ഷം രൂപാ വീതം നൽകും. മലബാർ മേഖലാ യൂണിയനിലെ ആറ് ജില്ലകളിൽ നിന്നുമായി ആറ് ക്ഷീര കർഷകർക്കാണ് വീട് നിർമിച്ച് നൽകുന്നത്.
ഇപ്പോൾ നടന്നത് പദ്ധതിയുടെ തുടക്കമാണ്. ഓരോ ജില്ലയിൽ നിന്നും ഒരു ക്ഷീര കർഷകൻ എന്ന നിലയിൽ അടുത്ത വർഷത്തേക്കുള്ള ആറ് കർഷകരുടെ പേരുകൾ ഈ മാസം 10ന് പ്രഖ്യാപിക്കും. മലബാർ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ അംഗ സംഘങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്ഷീര കർഷകർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിയാണിത്.
മികച്ച രീതിയിൽ പാൽ അളക്കുന്ന കർഷകർക്ക് പാത്രങ്ങൾ വാങ്ങി നൽകാൻ മലബാർ യൂണിയൻ ഒരു കോടി രൂപ ചെലവഴിച്ചു. ക്ഷീര കർഷകരുടെ മക്കൾക്ക് താൽക്കാലികമായി മിൽമ ഡയറിഫാമുകളിൽ ജോലി നൽകി വരുന്നതായും കെ.എസ് മണി പറഞ്ഞു.