മലപ്പുറം: റബറിന്‍റെ തറവില 170 രൂപയാക്കി ഉയർത്തി സർക്കാർ. തോമസ് ഐസക്ക് അവതരിപ്പിച്ച പന്ത്രണ്ടാമത് ബജറ്റിലാണ് ഈ കാര്യം പ്രഖ്യാപിച്ചത്. റബർ വിലയിടിവ് മൂലം നട്ടം തിരിയുന്ന കർഷകർക്ക് റബറിന്‍റെ തറവില 170 രൂപയാക്കി ഉയർത്തിയത് ആശ്വാസമാകും. നിലമ്പൂരിന്‍റെ മലയോര മേഖലയിലെ കർഷകർ സർക്കാരിന്‍റെ ഈ നീക്കത്തെ അഭിനന്ദിക്കുകയാണ്.
തറവില ഉയർത്താനുള്ള തീരുമാനം റബർ മേഖലക്ക് പുത്തൻ ഉണർവ് നൽകുമെന്നാണ് കർഷകർ അഭിപ്രായപ്പെടുന്നത്. വരും വർഷങ്ങളിലും ബജറ്റിൽ തറവില ഉയർത്തുന്ന നടപടി ഉണ്ടാകണമെന്നും ഉത്പാദന ചിലവ് കണക്കാക്കുമ്പോൾ കിലോക്ക് 200 രൂപയെങ്കിലും ലഭിക്കണമെന്നുള്ളപ്പോളും നിലവിൽ റബറിന്‍റെ തറവില ഉയർത്തിയ നടപടി സ്വാഗതാർഹമാണെന്നുമാണ് കർഷകർ പറയുന്നത്. ചെറുകിട റബർ കർഷകർക്ക് ഇത് ഏറെ ആശ്വാസമാകുമെന്നും മേഖലയിലെ റബർ കർഷകർ വ്യക്തമാക്കുന്നു. മലപ്പുറം ജില്ലയിൽ 25,000തോളം റബർ കർഷകരാണുള്ളത്. ഇതിൽ 90 ശതമാനവും ചെറുകിട റബർ കർഷകരാണ്. 150 രൂപയായിരുന്നു ഇതുവരെ വിലസ്ഥിരതാ ഫണ്ടിലൂടെ ചെറുകിട കർഷകർക്ക് ലഭിച്ചിരുന്നത്.
റബറിനു പുറമെ നെല്ലിന്‍റെ സംഭരണ വില 28 രൂപയാക്കിയതും നാളികേരത്തിന്‍റെ സംഭരണവില 22 ൽ നിന്ന് 32 രൂപയാക്കി ഉയർത്തിയതും കർഷകർക്ക് ആശ്വാസമായേക്കും.