മലപ്പുറം: 2019 ഓഗസ്റ്റ് 8. രോഗബാധിതനായി വീട്ടിൽ കഴിയുകയായിരുന്നു കവളപ്പാറ സ്വദേശി പ്രസാദ്. അച്ഛനും അമ്മയും മറ്റ് ബന്ധുക്കളും തറവാട് വീട്ടിൽ. രാത്രിയോടെ ഇടിഞ്ഞിറങ്ങിയ മുത്തപ്പൻമല അച്ഛനെയും അമ്മയേയും ബന്ധുക്കളെയും ഉൾപ്പെടെ മണ്ണാഴങ്ങളിലേക്ക് കൊണ്ടുപോയ വാർത്ത അടുത്ത ദിവസം മാത്രമാണ് പ്രസാദ് അറിയുന്നത്. കവളപ്പാറ ദുരന്തത്തിൽ മരിച്ച തന്‍റെ സഹോദരൻ പാലന്‍റെ കാല് മാത്രമാണ് ലഭിച്ചതെന്ന് ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ശാന്ത ഓർത്തെടുക്കുന്നു.
59 പേരാണ് കവളപ്പാറയിൽ ഒറ്റരാത്രികൊണ്ട് മാഞ്ഞുപോയത്. പതിനെട്ട് ദിവസത്തെ തിരച്ചിലിൽ 48 മൃതദേഹങ്ങൾ കണ്ടെടുത്തു. പതിനൊന്നു പേരെ ഇനിയും കണ്ടെത്താനായില്ല.
ശാന്തയും പ്രസാദും ഉൾപ്പെടെ കവളപ്പാറ ദുരന്തത്തിന്‍റെ ബാക്കിപത്രമായ 32 പേർ മൂന്ന് വർഷം പൂർത്തിയാകുമ്പോഴും പോത്തുകൽ അങ്ങാടിയിലെ കെട്ടിടത്തിന്‍റെ മുകളിലെ ഓഡിറ്റോറിയത്തിലാണ് കഴിയുന്നത്. കവളപ്പാറ കോളനിയിലെ 32 കുടുംബങ്ങളാണ് അന്ന് രാത്രി സകലതും നഷ്‌ടപ്പെട്ട് അനാഥമായത്. അതിൽ 14 കുടുംബങ്ങളാണ് ഇപ്പോഴും ക്യാമ്പിലുള്ളത്. ബാക്കിയുള്ളവർ ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും മാറി. സ്വന്തം വീടുകളിലേക്ക് എന്ന് പോകാനാകുമെന്ന ചോദ്യത്തെ തികഞ്ഞ നിസംഗതയോടെ ഇവർക്ക് ചോദിക്കുന്നു.
വീട് നിർമാണം എങ്ങുമെത്തിയില്ല: കുടുംബാംഗങ്ങൾക്ക് പോലും സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയ കൊവിഡ് കാലത്തും പിഞ്ചുകുട്ടികളും വൃദ്ധരും നിത്യരോഗികളും സ്ത്രീകളും ഉള്‍പ്പെടുന്ന ഈ കുടുംബങ്ങള്‍ ക്യാമ്പിന്‍റെ ഒരൊറ്റ ഹാളിൽ കഴിച്ചുകൂട്ടി. സർക്കാർ അനുവദിച്ച നഷ്‌ട പരിഹാരത്തുക ലഭ്യമായിട്ടും പുനരധിവാസം സാധ്യമാകാത്തതാണ് ദുരന്തത്തിന്‍റെ മൂന്നാം വർഷവും ഇവർക്ക് ക്യാമ്പിൽ കഴിയേണ്ടി വരുന്നത്.
പുനരധിവാസത്തിനായി സർക്കാർ കണ്ടെത്തിയ ഭൂമി സ്വീകരിക്കാൻ കോളനിക്കാർ തയാറാകാത്തതിനെ തുടർന്ന് 12 ലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും നഷ്‌ടപരിഹാരമായി അനുവദിച്ചു. സ്വന്തം നിലയിൽ വീട് നിർമിക്കാൻ ഉപ്പട ആനക്കല്ലിൽ ഭൂമി കണ്ടെത്തുകയും ജില്ല ഭരണകൂടത്തിന്‍റെ അനുമതിയോടെ ഭൂമി വാങ്ങുകയും ചെയ്‌തു.
കൈയൊഴിഞ്ഞ് കരാറുകാർ: തുടര്‍ന്ന് നാല് മാസം കൊണ്ട് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന കരാറില്‍ പോത്തുകല്ല് ഗ്രാമപഞ്ചായത്ത് സ്‌കില്‍ ഡവലെപ്‌മെന്‍റ് മള്‍ട്ടി പര്‍പ്പസ് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേറ്റീവ് സൊസൈറ്റി നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്തു. എന്നാല്‍ രണ്ടര വര്‍ഷത്തിലേറെയായിട്ടും കവളപ്പാറയിലെ ഒരു ആദിവാസിക്കും പുനരധിവാസം സാധ്യമായില്ല. 32 വീടുകളിൽ ചിലതെല്ലാം പൂർത്തിയായിട്ടുണ്ടെങ്കിലും കുടിവെള്ളം, വൈദ്യുതി, റോഡ്, ശ്‌മശാനം കമ്യൂണിറ്റി ഹാൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. സർക്കാരിൽ നിന്നുള്ള പണം കിട്ടാത്തതാണ് വീട് നിർമാണം വൈകുന്നതെന്നാണ് കരാറുകാർ ആദിവാസി കുടുംബങ്ങളെ അറിയിച്ചിട്ടുള്ളത്.
എന്നാൽ സർക്കാർ അനുവദിച്ച നഷ്‌ടപരിഹാരത്തുക ഞെട്ടിക്കുളം ഗ്രാമീണ ബാങ്കിലേക്കാണ് എത്തിയത്. ഈ തുക ഞെട്ടിക്കുളത്ത് പ്രവർത്തിക്കുന്ന റൂറൽ അഗ്രിക്കൾച്ചർ ബാങ്കിലേക്ക് പിന്നീട് മാറ്റി. സർക്കാർ അനുവദിച്ച പണം ലഭിച്ചിട്ടും പുനരധിവാസം സാധ്യമാകാത്തതിനാൽ ആദിവാസികൾ ക്ഷുഭിതരാണ്.
37,000 രൂപയാണ് പ്രതിമാസം സർക്കാർ ക്യാമ്പിന് വാടക നൽകിക്കൊണ്ടിരിക്കുന്നത്. നേരത്തെ ക്യാമ്പിലുള്ളവർ ഒന്നിച്ചാണ് ഭക്ഷണം തയാറാക്കിക്കൊണ്ടിരുന്നത്. ഇപ്പോൾ ഓരോ കുടുംബങ്ങളും ഒറ്റയ്ക്ക് ഭക്ഷണം പാകംചെയ്യുകയാണ്. രണ്ട് ഹാളുകളിലായി 14 അടുപ്പുകൾ ഈ ക്യാമ്പിലുണ്ട്. അടുത്ത മഴക്കാലത്തിന് മുൻപെങ്കിലും ഈ ദുരിതക്കയത്തിൽ നിന്നും സ്വന്തം വീടുകളിലേക്ക് മാറാൻ കഴിയണമെന്ന ആഗ്രഹം മാത്രമാണ് ഈ കുടുംബങ്ങൾക്കുള്ളത്.