മലപ്പുറം: സ്‌ത്രീകളെക്കൊണ്ട് ഫോൺ വിളിപ്പിച്ച് കെണിയിൽ പെടുത്തുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് നല്ലളം സ്വദേശി ജിഷാദ് (32), തേഞ്ഞിപ്പലം പെരുവള്ളൂർ സ്വദേശി യാകൂബ് (38) എന്നിവരെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രവാസി മലയാളികളെയാണ് കെണിയിൽ പെടുത്തിയിരുന്നത്. 2020 ജൂണിൽ പെരിന്തൽമണ്ണ സ്വദേശി നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
കേസിൽ ഇനി രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. കേസിൽ ഇക്കഴിഞ്ഞ ജനുവരിയിൽ വേങ്ങര വാളക്കുട സ്വദേശി ശിഹാബിനെ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ മറ്റൊരു കേസിൽ കർണാടക ജയിലിലാണ്. കരിപ്പൂർ വിമാന താവളത്തിൽ എത്തുന്ന വിദേശ മലയാളികളെ സ്ത്രീകളെ ഉപയോഗിച്ച് ട്രാപ്പ് ചെയ്‌ത് അടുത്തുള്ള ലോഡ്‌ജിലെത്തിച്ച് പണം തട്ടുന്ന രീതിയാണ് സംഘം നടത്തിക്കൊണ്ടിരുന്നത്.
ഇത്തരം പ്രവർത്തനങ്ങൾക്കായി ഗോവയിൽ നിന്നും കർണാടകയിൽ നിന്നും സ്ത്രീകളെ എത്തിച്ചിരുന്നതായും സൂചനയുണ്ട്. പിടിയിലായ പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ALSO READ: കരിപ്പൂർ സ്വർണക്കടത്ത്: ചോദ്യം ചെയ്യലിന് ഹാജരായ ഷാഫിയെ മടക്കി അയച്ചു