മലപ്പുറം: കണ്ണംകുണ്ട് ട്രൈബല്‍ വില്ലേജിലെ വീടുകളുടെ നിർമാണം ഐടിഡിപിക്ക് കൈമാറണമെന്ന് ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി ഉസ്മാൻ ആവശ്യപ്പെട്ടു. നിർമാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ഊരുകൂട്ടത്തിലെ ഇത്തരം വീടുകൾ വേണ്ടെന്ന് ആദിവാസികൾ അറിയിച്ചിരുന്നു. ആദിവാസി കുടുംബങ്ങളുടെ വീട് നിർമാണം അവരുടെ ഇഷ്ടപ്രകാരം നടത്താമെന്ന് ഡെപ്യൂട്ടി കലക്ടർ അരുൺ കുമാർ ഉറപ്പ് നല്‍കിയിരുന്നു. ഇതിന് ഘടകവിരുദ്ധമായ നിർമാണ പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മുൻപ് പെരുവമ്പാടം ആദിവാസി കോളനിയിൽ വീടുകളുടെ നിർമാണം ഏറ്റെടുത്ത നിർമ്മിതി കേന്ദ്രം പാതിവഴിയിൽ നിർമാണം ഉപേക്ഷിച്ച നാല് വീടുകൾ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഐടിഡിപിയാണ് നിർമാണം പൂർത്തികരിച്ചത്. നിർമിതി കേന്ദ്രം നിർമിച്ചു കൊണ്ടിരിക്കുന്ന ഒൻപത് വീടുകളുടെയും നിർമാണം നിലച്ച 25 വീടുകളുടെയും നിർമാണം അടിയന്തരമായി ഐടിഡിപിക്ക് കൈമാറണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.