മലപ്പുറം: നിലമ്പൂരിലെ പരാജയത്തിന് കാരണം ആര്യാടൻ മുഹമ്മദെന്ന് ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി കല്ലായി മുഹമ്മദാലി. നിലമ്പൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂർ നഗരസഭയിലുൾപ്പെടെ കുറെ കാലങ്ങളായി സ്ഥാനാർത്ഥി നിർണയം നടക്കുന്നത് ആര്യാടൻ മുഹമ്മദിന്‍റെ വീട് കേന്ദ്രീകരിച്ചാണെന്നും കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തിന് അനുസരിച്ചുള്ള സ്ഥാനാർഥികൾ വന്നിട്ട് വർഷങ്ങളായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെപിസിസിയുടെയും ഡിസിസിയുടെയും നിർദേശങ്ങൾ മറികടന്ന് ആര്യാടൻ മുഹമ്മദ് ഗോഡ്‌ഫാദർ കളിക്കുകയാണ്. അച്ഛനെയും മകനെയും പാർട്ടി നിയന്ത്രിച്ചില്ലെങ്കില്‍ കോൺഗ്രസ് നിലമ്പൂരിൽ ഇല്ലാതാകുമെന്നും ആര്യാടന്‍റെ ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന ഡിസിസിയാണ് ജില്ലയിലുള്ളതെന്നും കല്ലായി മുഹമ്മദാലി വ്യക്തമാക്കി. ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് വിവി പ്രകാശ് രാജിവെച്ച് പുറത്ത് പോകണമെന്നും അല്ലെങ്കിൽ കെപിസിസി ഇടപെട്ട് പുറത്താക്കണമെന്നും കല്ലായി മുഹമ്മദാലി പറഞ്ഞു.
1955 മുതൽ താൻ കോൺഗ്രസിൽ പ്രവർത്തിച്ചു വരുന്നു. സേവാദളിലൂടെയാണ് തുടക്കം. മരിക്കുമ്പോഴും കോൺഗ്രസുകാരനായി മരിക്കണമെന്ന് താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വം ഇടപെട്ട് പുതിയ നേതൃത്വത്തെ കൊണ്ടുവന്നില്ലെങ്കിൽ 2016 ആവർത്തിക്കുമെന്നും കല്ലായി മുഹമ്മദാലി മലപ്പുറത്ത് പറഞ്ഞു.