മലപ്പുറം : കൊവിഡ് മഹാമാരിയ്‌ക്കൊപ്പം മറ്റൊരു വെല്ലുവിളിയ്ക്ക് മുന്‍പില്‍ പകച്ചുനില്‍ക്കുകയാണ് ഒരു നാടൊന്നാകെ. മലപ്പുറം-കോഴിക്കോട് ജില്ല അതിർത്തിയായ കക്കാടംപുഴ വെണ്ടേക്കുംപൊയിലിലിൽ കാട്ടാന ശല്യം രൂക്ഷമായതോടെയാണ് ഇവിടുത്തുകാര്‍ കടുത്ത പ്രതിസന്ധിയിലായത്.
ഊണുമില്ല ഉറക്കവുമില്ല
വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് പ്രദേശവാസികളുള്ളത്. ഒറ്റപ്പെട്ട ഈ പ്രദേശത്ത് അഞ്ച് കുടുംബങ്ങള്‍ ഭയത്തോടെയാണ് അന്തിയുറങ്ങുന്നത്. താമസിക്കുന്ന വീടിനുചുറ്റും സദാസമയവും കാട്ടാനക്കൂട്ടം എത്തുന്നതാണ് പുറത്ത് ഇറങ്ങാൻ കഴിയാത്തതിന്‍റെ കാരണം.
ആനകൾ കൃഷിയിടങ്ങള്‍ തകർത്തെറിയുന്നത് കാരണം ഇവരുടെ ഉപജീവനമാര്‍ഗവും അടഞ്ഞിരിക്കുകയാണ്. പുറംലോകത്തേക്കുള്ള വഴിയില്ല എന്നതും പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തുന്നു. പതിറ്റാണ്ടുകളായി കൃഷി പ്രധാന ഉപജീവനമാർഗമാക്കി കഴിയുന്നവരാണ് ഈ നാട്ടിലുള്ളത്.
ഇനിയെന്ത് എന്നത് ചോദ്യചിഹ്നം
2500 വാഴകളാണ് കഴിഞ്ഞദിവസം മാത്രം കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കടം വാങ്ങിയും മറ്റും ജീവിത മാർഗം മുന്നോട്ടുകൊണ്ടുപോകാൻ വേണ്ടി ഇറക്കിയ കൃഷി ആനക്കൂട്ടം നശിപ്പിച്ചതോടെ ഇനിയെന്തെന്ന ചോദ്യത്തിനു മുന്‍പില്‍ വെണ്ടേക്കുംപൊയിലുകാര്‍ പകച്ചിരിക്കുകയാണ്.
ദുർബലമായ വഴി മാത്രമുള്ളതും, വാർത്താവിനിമയ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതുമായ ഈ പ്രദേശത്തുനിന്ന് മൂന്ന് കിലോമീറ്റർ നടന്നാണ് കുട്ടികൾ വിദ്യാലയത്തിലേക്ക് പോകുന്നത്.
ALSO READ: കരിപ്പൂർ സ്വർണക്കടത്ത് : അർജുൻ ആയങ്കി ഉപയോഗിച്ചെന്ന് കരുതുന്ന കാർ കണ്ടെത്തി
വഴിനീളെ ആനകൾ ഉണ്ടാകുമെന്നതിനാല്‍ രക്ഷിതാക്കൾ കുട്ടികൾക്കൊപ്പം രാവിലെയും വൈകുന്നേരങ്ങളിലും സ്കൂളിലേക്ക് കൂടെ പോകേണ്ടിയിരുന്നു. എന്നാല്‍, ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ ആയതിനാൽ ഈ പ്രശ്നത്തിന് നേരിയ ആശ്വാസമുണ്ട്. എന്നാല്‍, ഓൺലൈൻ പഠനസൗകര്യങ്ങൾ ഇല്ലാത്തത് മറ്റൊരു വെല്ലുവിളിയായിട്ടുണ്ട്.
ഇനിയും കൈവെടിയാത്ത ശുഭപ്രതീക്ഷ
കാട്ടാനശല്യത്തിനെതിരെ സോളാർ ഫെൻസിങ് ഉൾപ്പെടെ ലഭ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാല്‍, ഈ ആവശ്യം അധികൃതര്‍ ഇനിയും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഒറ്റപ്പെട്ട ഈ പ്രദേശത്ത് നിവൃത്തികേടുകൊണ്ട് മാത്രമാണ്, ഭയത്തോടെ ആളുകള്‍ അന്തിയുറങ്ങുന്നത്.
മൃഗങ്ങളോട് കാണിക്കുന്ന പരിഗണനയെങ്കിലും തങ്ങളോട് കാണിക്കണമെന്ന് ഈ കുടുംബങ്ങള്‍ നിസ്സഹായരായി പറയുന്നു. ഈ ദുരിതം കണ്ടറിഞ്ഞ് അധികൃതര്‍ തുണയ്ക്കുമെന്ന നേരിയ പ്രതീക്ഷയിലാണ് ഇവര്‍.