മലപ്പുറം: മാമാങ്കം-ചാവേര്‍ത്തറ പൈതൃക ടൂറിസം പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശ്രീശൈലം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ വീഡിയോ കോണ്‍ഫറന്‍സിലൂടെയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായാണ് കേരളത്തിൻ്റെ വികസനമെന്ന് ചടങ്ങിൽ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൊവിഡിൻ്റെ പ്രതിഫലനം ടൂറിസം മേഖലയിലും ഉണ്ടായി. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. ഓരോ പദ്ധതിയും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്കാണെന്നും ആ വാക്ക് പാലിക്കാന്‍ സര്‍ക്കാരിന് കഴിയുന്നു എന്നതിനുള്ള തെളിവുകളാണ് പൂര്‍ത്തീകരിച്ച പദ്ധതികളെന്നും മന്ത്രി പറഞ്ഞു.
ടിഎ അഹമ്മദ് കബീര്‍ എംഎല്‍എ അധ്യക്ഷനായി. ചടങ്ങില്‍ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ മുഖ്യാതിഥിതി ആയിരുന്നു. ചാവേര്‍ത്തറ പൈതൃക ടൂറിസം പദ്ധതി യാഥാർഥ്യമാകാന്‍ പോകുന്നു എന്നത് നമ്മുടെ ഭാഗ്യമായി കരുതുന്നുവെന്ന് സ്‌പീക്കര്‍ പറഞ്ഞു. ഒരു കോടി അന്‍പത് ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഡിടിപിസിയുടെ നേതൃത്വത്തില്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല.