മലപ്പുറം: കരിപ്പൂർ വിമാന അപകടത്തില്‍ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയ ജില്ല കലക്ടർ കെ.ഗോപാലകൃഷ്ണനോട് ക്വാറന്‍റൈനില്‍ പോകാൻ ആരോഗ്യവകുപ്പിന്‍റെ നിർദേശം. രക്ഷാപ്രവർത്തനത്തിനിടെ നിരവധി പേരുമായി സമ്പർക്കം പുലർത്തിയത്തിനെ തുടർന്നാണ് ക്വാറന്‍റൈനില്‍ പോകാൻ നിർദേശിച്ചതെന്ന് ജില്ല മെഡിക്കല്‍ ഓഫീസർ ഡോ. സക്കീന അറിയിച്ചു. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളില്‍ നിന്ന് രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ട പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ് ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായ 72 അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് കൊവിഡ് നിരീക്ഷണത്തില്‍ പോയത്. മലപ്പുറം ജില്ലയിലെ ആറ് എസ്എച്ച്ഒമാർ ഉൾപ്പടെ 38 പേരും നിരീക്ഷണത്തിൽ പോയി. കോഴിക്കോട് ജില്ലയിൽ നിന്ന് 28ഉം തൃശൂരിൽ നിന്ന് ആറ് അഗ്നിശമന സേന ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ഇതിന് പുറമെ റെസ്ക്യൂവിന്‍റെ ഭാഗമായ 42 പൊലീസ് ഉദ്യോഗസ്ഥരും ക്വാറന്‍റൈനില്‍ പോയി.
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പ്രദേശവാസികളോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ആവശ്യപ്പെട്ടിരുന്നു. ഇവരും നിലവിൽ നിലവിൽ ക്വാറന്‍റൈനിലാണ്. അപകടത്തിൽപെട്ട യാത്രക്കാരില്‍ ചിലരുടെ കൊവിഡ് പരിശോധന ഫലം പോസ്റ്റീവായതോടെയാണ് രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്ത എല്ലാവരോടും ക്വാറന്‍റൈനില്‍ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചത്.