മലപ്പുറം: മുസ്‌ലിം ലീഗ് വാര്‍ഡ് മെമ്പര്‍ സിടി അഷ്‌റഫിന്‍റെ 16 സെന്‍റ് സ്ഥലവും വീടും അനധികൃതമായി കണ്ടുകെട്ടിയതായി പരാതി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) ഹര്‍ത്താലിലുണ്ടായ നാശനഷ്‌ടങ്ങള്‍ക്ക് നഷ്‌ടപരിഹാരം കാണുന്നതിന്‍റെ ഭാഗമായുള്ള ജപ്‌തി നടപടിയില്‍ തന്നെ തെറ്റായി ഉള്‍പ്പെടുത്തിയെന്നാണ് ലീഗ് നേതാവിന്‍റെ പരാതി. തനിക്ക് പിഎഫ്‌ഐയുമായി ഒരു ബന്ധമില്ലെന്നും താന്‍ ലീഗ് പ്രവര്‍ത്തകനാണെന്നും എടരിക്കോട് പഞ്ചായത്ത് അംഗമായ സിടി അഷ്‌റഫ് പറയുന്നു.
മറ്റൊരാളുടെ പേരിലുള്ള സാമ്യം കൊണ്ടാണ് ഈ നടപടിയെന്നും താന്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്ഥലം കണ്ടുകെട്ടിയതായി ഇന്ന് രാവിലെ മുതല്‍ തന്നെ പരാതി ഉയര്‍ന്നിരുന്നു. രാവിലെ അങ്ങാടിപ്പുറത്ത് രണ്ട് പേർക്കാണ് ജപ്‌തി നേരിടേണ്ടിവന്നത്. വിലാസത്തിന്‍റെ സാമ്യത കൊണ്ട് ഉദ്യോഗസ്ഥർ തെറ്റായി ജപ്‌തി ചെയ്യുകയായിരുന്നു എന്നാണ് നടപടി നേരിട്ടവർ പറയുന്നത്. ജില്ല അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്‌ചക്കകം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയ പശ്ചാത്തലത്തിലാണ് തിരക്കിട്ട നടപടി.