മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ മുന്‍ എസ്‌എഫ്‌ഐ വനിതാ നേതാവിന് അധിക മാര്‍ക്ക് നല്‍കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിനിധികളായ സെനറ്റംഗങ്ങള്‍ പ്രതിഷേധ സമരം നടത്തി. മാര്‍ക്ക് ദാനത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണം. മാര്‍ക്ക് ദാന വിവാദം അഴിമതി നിറഞ്ഞതും അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും മനോവീര്യം തകര്‍ക്കുന്ന വ്യവസ്ഥയുടെ ലംഘനവുമാണെന്ന് സെനറ്റംഗങ്ങള്‍ ആരോപിച്ചു.
2007-2009 കാലയളവില്‍ സര്‍വകലാശാല വിമന്‍സ് സ്റ്റഡീസ് വിഭാഗത്തിലെ എംഎ വിദ്യാര്‍ഥിനിയുടെ ഇന്‍റേണല്‍ മാര്‍ക്കില്‍ കൃത്രിമം നടത്തിയെന്നാണ് ആരോപണം. തിരിമറി നടത്തിയവരെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും നിയമവിരുദ്ധമായി നല്‍കിയ മാര്‍ക്ക് റദ്ദാക്കണമെന്നും ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സെനറ്റംഗങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം പുതിയ വൈസ് ചാന്‍സിലറുടെ പ്രതികരണത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിറക്കണമെന്ന് പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്‌ത പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ പറഞ്ഞു. സെനറ്റംഗം അഡ്വ. എം. രാജന്‍ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.