മലപ്പുറം: ലക്നൗവിൽ നടന്ന ഇന്ത്യൻ ഫയർ സർവീസ് ഗെയിംസിൽ തുടർച്ചയായ രണ്ടാം വർഷവും ഫുട്ബോൾ കിരീടം നേടിയ കേരളാടീമിന്റെ ക്യാപ്റ്റൻ ശ്രീ.എം.എ.ഗഫൂറിന് ഊഷ്മളമായ സ്വീകരണം നൽകി. നിലമ്പൂർ ഫയർ &റസ്ക്യു സ്റ്റേഷൻ ഓഫീസറായ ഗഫൂറിന് ഫയർ സ്റ്റേഷനിൽ സഹപ്രവർത്തകരും നാട്ടുകാരും ചേർന്നാണ് സ്വീകരണം ഒരുക്കിയത്. അസി. സ്റ്റേഷൻ ഓഫീസർ ഒ.കെ. അശോകൻ അദ്ദേഹത്തെ ഹാരാർപ്പണം നടത്തി ആദരിച്ചു. ഡെൻമാർക്കിൽ 2020 ആഗസ്റ്റിൽ നടക്കുന്ന ലോക ഫയർ സർവീസ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെടുക്കാൻ കേരളാ ടീം യോഗ്യത നേടിയിട്ടുണ്ട്.
അരീക്കോട് കുനിയിൽ സ്വദേശിയായ എം.എ.ഗഫൂർ തന്നെയായിരുന്നു കഴിഞ്ഞ വർഷവും കേരളത്തെ നയിച്ചത്. അന്ന് ടീമിൽ നിലമ്പൂർ ഫയർ സ്റ്റേഷനിലെ എം.നിസാമും അംഗമായിരുന്നു.പരിക്ക് കാരണം നിസാം ഇത്തവണ ടീമിനൊപ്പമുണ്ടായിരുന്നില്ല. 2018ൽ ദേശീയ കിരീടം നേടി കൊറിയയിൽ നടന്ന അന്താരാഷ്ട്ര മൽസരങ്ങളിൽ പങ്കെടുക്കാൻ കേരളം യോഗ്യത നേടിയിരുന്നെങ്കിലും കേരളത്തിലെ മഹാപ്രളയ സമയത്ത് മൽസരങ്ങൾ നടന്ന കാരണം ടീം പങ്കെടുത്തിരുന്നില്ല.