മലപ്പുറം: ചാലിയാർ പുഴക്ക് കുറുകെ മൊടവണ്ണ കടവിൽ പാലം വരുമെന്ന പ്രദേശവാസികളുടെ സ്വപ്‌നം ഉദ്ഘാടനങ്ങളിൽ ഒതുങ്ങി. ഉദ്ഘാടനം കഴിഞ്ഞ് ഒന്‍പത് വർഷമായിട്ടും നിർമാണം പാതി വഴിയിലാണ്. ചാലിയാർ പഞ്ചായത്തിലെ വെട്ടേക്കോട് പൈങ്ങാക്കോട് മൊടവണ്ണ, അത്തിക്കാട് കുന്നത്തുചാൽ ഭാഗങ്ങളിലെ ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ നിലമ്പൂരിലെത്താൻ മൊടവണ്ണ കടവിൽ പാലം അനിവാര്യമാണ്.
മൊടവണ്ണ കടവിൽ തൂക്കുപാലത്തിന്‍റെ നിർമാണം 2013ൽ അന്നത്തെ മന്ത്രി അടൂർ പ്രകാശാണ് ഉദ്ഘാടനം ചെയ്തത്. വാഹനങ്ങൾക്ക് കടന്നു പോകാമെന്ന നിലയിൽ തൂക്കുപാലം നടപ്പാലമാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. നിർമാണം നടക്കാത്തതിനാൽ 2015ൽ വീണ്ടും ഉദ്ഘാടനം ചെയ്‌തുവെങ്കിലും ഒന്‍പത് വർഷമായിട്ടും നിര്‍മാണത്തിനായി വനംവകുപ്പിന്‍റെ അനുമതി ലഭിച്ചിട്ടില്ല. ഇനി പാലം വരുമെന്ന് പ്രതീക്ഷയില്ലെന്ന് മൊടവണ്ണ കോളനിയിലെ ജനങ്ങള്‍ പറയുന്നു.
നിലമ്പൂർ എംഎൽഎ ഇക്കാര്യത്തിൽ കൂടുതൽ ഇടപെടൽ നടത്തണമെന്നതാണ് ജനങ്ങളുടെ ആവശ്യം. നിലവിൽ മൊടവണ്ണയിൽ നിന്നും മണ്ണുപ്പാടം ചന്തക്കുന്ന് വഴി നിലമ്പൂരിലെത്താൻ 10 കിലോമീറ്റർ വേണം. മൊടവണ്ണ കടവിൽ ചാലിയാറിന് കുറുകെ പാലം യാഥാർത്ഥ്യമായാൽ രണ്ട് കിലോമീറ്റർ ദൂരം കൊണ്ട് നിലമ്പൂർ ടൗണിലെത്താം. എന്നാല്‍, നിലവിലെ സാഹചര്യത്തിൽ മൊടവണ്ണ പാലം കടലാസിൽ ഒതുങ്ങാനാണ് സാധ്യതയെന്നും പ്രദേശവാസികള്‍ പറയുന്നു.