മലപ്പുറം: ദുരിതബാധിതർക്ക് താമസിക്കാൻ സ്വന്തം വീട് വിട്ടു നൽകി മലപ്പുറം നഗരസഭാ മുൻ അധ്യക്ഷൻ കെ പി മുഹമ്മദ് മുസ്‌തഫ. അദ്ദേഹത്തിന്‍റെ കോട്ടപ്പടി മലപ്പുറത്തെ വീട് ഇനി ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കും. മലപ്പുറം എംഎസ്‌പി എൽപി സ്കൂളിൽ പ്രവർത്തിച്ചിരുന്ന നഗരസഭയുടെ ക്യാമ്പാണ് 15,000 ചതുരശ്ര അടി വിസ്‌തീർണമുള്ള വീട്ടിലേക്കു മാറ്റുന്നത്. എട്ട് മുറികൾ, മൂന്ന് വിശാലമായ ഹാളുകൾ, മൂന്ന് അടുക്കള തുടങ്ങിയ സൗകര്യങ്ങൾ വീട്ടിലുണ്ട് .
കോട്ടക്കുന്ന് ടൂറിസം പാർക്കിന് സമീപമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ ഒമ്പത് കുടുംബങ്ങളിലെ 33 പേരാണ് മുസ്തഫയുടെ വീട്ടിലേക്കെത്തുക. എംഎസ്പി എൽപി സ്കൂളിൽ ക്ലാസുകൾ ആരംഭിച്ചതോടെയാണ് ഇവരെ മാറ്റാൻ തീരുമാനിച്ചത്. നഗരസഭയുടെ പാമ്പാട് ഫ്ലാറ്റിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നെങ്കിലും കുടുംബങ്ങൾ താൽപര്യം കാണിച്ചിരുന്നില്ല. ഇതോടെയാണ് താമസിക്കാൻ തന്‍റെ വീട് വിട്ടുനൽകാമെന്ന് മുൻ അധ്യക്ഷൻ നഗരസഭയെ അറിയിച്ചത്.