മലപ്പുറം: മലമുകളില്‍ റബറും വാഴയും. പക്ഷേ ചോഴി എന്ന കർഷകന് നെല്ല് വിളയിക്കാനാണ് ആഗ്രഹം. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ രണ്ടര ഏക്കറില്‍ ചോഴി നെല്‍കൃഷിയിറക്കി, അതും റബർ കൃഷി ചെയ്തിരുന്ന മലമുകളിലെ രണ്ടര ഏക്കർ പാകപ്പെടുത്തിയെടുത്ത്. ഇരിങ്ങാട്ടിരി സ്വദേശി നൂണംപാറ ചോഴിയാണ് കരുവാരക്കുണ്ട് പറയൻമേട് മലയോട് ചേർന്ന് കരനെൽ കൃഷി ചെയ്‌ത് വിജയം കൊയ്‌തത്. ധാരാളം വിളകൾ ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ടങ്കിലും നെല്ലിനോടാണ് കൂടുതൽ പ്രിയം.
കാട്ടാനകൾ ഇടക്ക് വിരുന്നെത്തുന്ന സ്ഥലമാണങ്കിലും ചോഴിയുടെ അധ്വാനം മനസിലാക്കിയാകണം ഒന്നും നശിപ്പിച്ചിട്ടില്ല. വാഴകൾക്കും, റബർതൈകൾക്കും ഇടയിൽ കതിരിട്ടു നിൽക്കുന്ന നെല്ല് മനോഹര കാഴ്‌ചയാണ് സമ്മാനിക്കുന്നത്. മികച്ച ലാഭമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും നെല്ലില്ലെങ്കിൽ കൃഷി അതിന്‍റെ പൂർണതയിൽ എത്തില്ലെന്നാണ് ചോഴി പറയുന്നത്. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തും, കൃഷി ഭവനും നടത്തുന്ന കരനെൽ കൃഷി പ്രോത്സാഹന പദ്ധതി പ്രകാരമാണ് ചോഴിയുടെ കരനെൽ കൃഷി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി ഷൗക്കത്തലി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്‌തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി ഷെബീറലി അധ്യക്ഷത വഹിച്ച ചടങ്ങിൽ വള്ളിൽ ഷൗക്കത്ത്, ചന്ദ്രൻ തെക്കേമുക്കിൽ, പ്രഭാകരൻ, മനോഹരൻ നെല്ലിക്കല്ലടി, ബീരാൻ എളമ്പിലാവിൽ, കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.