മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മലയോര മേഖലയിലുള്ള എടക്കര, ചുങ്കത്തറ, വഴിക്കടവ്, കരുളായി, നിലമ്പൂർ, പോത്തുകല്ല്, വണ്ടൂർ, എന്നീ ഏഴ് തദ്ദേശ സ്ഥാപന പരിധിയിലാവും മഴ ലഭിക്കുക. കഴിഞ്ഞ മൂന്ന് ദിവസമായി അതി ശക്തമായ കാറ്റോടു കൂടിയ മഴയാണ് മലയോര മേഖലയിൽ ഉൾപ്പെടെ ലഭിക്കുന്നത്.
ചാലിയാർ പുഴയുടെ കൈവരി പുഴകളായ പുന്നപ്പുഴ, കലക്കൻ പുഴ, കരിമ്പുഴ, തുടങ്ങിയ പുഴകളിൽ വലിയ രീതിയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ജൂലൈ 22 അർധരാത്രി മുതൽ ചാലിയാറിന്‍റെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പോത്തുകല്ല് മുപ്പിനി പാലത്തിന് മുകളിൽ വെള്ളം കയറി ഗതാഗതം നിരോധിച്ചിരുന്നു.
തുടർന്ന് ജൂലൈ 23 രാവിലെ മഴ കുറഞ്ഞതോടെയാണ് ഗതാഗതം വീണ്ടും പുനസ്ഥാപിച്ചത്. നിലമ്പൂരിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളോട് മാറി താമസിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also read: റെക്കോഡ് ഭേദിച്ച് മഴ; മഹാരാഷ്ട്രയില്‍ വ്യാപക മണ്ണിടിച്ചില്‍, മരണം 32