മലപ്പുറം : മഴയും കാറ്റും ശക്തിയാര്‍ജിച്ച പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ജില്ലയില്‍ അതീവ ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു. കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ തീവ്രമാകുന്ന സാഹചര്യത്തില്‍ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ അതി ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴയുണ്ടാകാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ സ്വാധീനം അടുത്ത 24 മണിക്കൂറില്‍ ശക്തമായിരിക്കും. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. അപകട സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നും തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മലയോര പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണം.