മലപ്പുറം : ജില്ലയില്‍ ഒരാഴ്‌ചയ്ക്കുള്ളിൽ പിടികൂടിയത് ഒന്‍പത് കോടിയുടെ കുഴല്‍പ്പണം. എട്ട് കോടി 60 ലക്ഷം ഹവാല പണവും ഒരു കിലോ സ്വർണവുമാണ് കണ്ടെടുത്തത്. വളാഞ്ചേരി, പെരിന്തൽമണ്ണ, മലപ്പുറം സ്റ്റേഷൻ പരിധികളില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കസ്റ്റഡിയിലെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് ചിലര്‍ നിരീക്ഷണത്തിലാണെന്ന് മലപ്പുറം എസ്.പി എസ് സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിൽ വാഹന പരിശോധന ശക്തമായി തുടരാൻ ജില്ല പൊലീസ് മേധാവിയുടെ നിർദേശമുണ്ട്. വളാഞ്ചേരിയിൽ ചൊവ്വാഴ്‌ച മാത്രം നാല് കോടി 40 ലക്ഷത്തിന്‍റെ കുഴൽപ്പണമാണ് പിടിച്ചത്. സംഭവത്തില്‍ വേങ്ങര സ്വദേശി ഹംസ (48), കൊളത്തൂർ സ്വദേശി സഹദ് (32) എന്നിവരാണ് പിടിയിലായത്.
ചരിത്രം കുറിച്ച കുഴല്‍പ്പണവേട്ട
സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വലിയ തുകയുടെ കുഴൽപ്പണം പിടികൂടുന്നത്. വാഹന പരിശോധനക്കിടെയാണ് ബൊലേറോയില്‍ കടത്താൻ ശ്രമിച്ച പണം പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
മാര്‍ച്ച് 11 ന് പെരിന്തല്‍മണ്ണയില്‍ നിന്ന് 90.90 ലക്ഷവും 12-ാം തിയ്യതി മലപ്പുറത്തുനിന്ന് 1.51 കോടിയും പിടിച്ചെടുത്തിരുന്നു. ഇരുസംഭവങ്ങളിലുമായി എറണാകുളം പെരുമ്പാവൂര്‍ പള്ളിക്കര സ്വദേശി സുബ്രഹ്‌മണി ഗണപത് സുര്യവംശി(30), തൃശൂര്‍ ചുങ്കം സ്വദേശി ദേവ്‌കര്‍ നിധിന്‍(26) , എറണാകുളത്ത് താമസിക്കുന്ന മഹാരാഷ്‌ട്ര സ്വദേശികളായ അനില്‍(52), രാജാറാം (48) എന്നിവരാണ് പിടിയിലായത്. മാര്‍ച്ച് 11 ന് മലപ്പുറത്തുനിന്ന് 1.80 കോടിയുടെ കുഴല്‍പ്പണവുമായി ദമ്പതികള്‍ പിടിയിലായിരുന്നു.
ALSO READ: മലപ്പുറത്ത് വീണ്ടും കുഴൽപണവേട്ട; 1.45 കോടി രൂപയുമായി രണ്ടുപേർ പിടിയിൽ