മലപ്പുറം: ലോക്ക് ഡൗണില്‍ ഏറ്റവുമധികം പ്രതിസന്ധിയിലായത് ജിംനേഷ്യങ്ങളാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ആദ്യം പൂട്ട് വീണ ജിംനേഷ്യങ്ങൾ ഇനിയും തുറക്കാനായിട്ടില്ല. ഇതോടെ ജിംനേഷ്യം നടത്തിപ്പുകാരും ഫിറ്റ്‌നസ് ട്രെയിനർമാരും പട്ടിണിയുടെ നടുവിലാണ്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും അതിൽ ജിംനേഷ്യങ്ങൾ ഇടംപിടിച്ചിട്ടില്ല. മലപ്പുറം ജില്ലയിലെ മിക്ക ജിംനേഷ്യങ്ങളിലും ദിവസേന 80 മുതൽ 100 പേർ വരെ എത്തിയിരുന്നു. കസ്‌റ്റമറുടെ സൗകര്യത്തിനനുസരിച്ച് രാവിലെ ആറ് മുതൽ രാത്രി പത്ത് വരെയായിരുന്നു മിക്കവയുടെയും പ്രവർത്തനം.
ലോക്ക് ഡൗണിൽ ജിംനേഷ്യങ്ങൾ പൂർണമായും അടച്ചിട്ടതോടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ കേടാകുന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് ഫിറ്റ്‌നസ് സെന്‍റർ ഉടമകൾ പറയുന്നു. ഇതു കൂടാതെ വാടക, വൈദ്യുതി ബിൽ, ലോൺ എല്ലാം പ്രതിസന്ധിയിലാണ്. കൂടുതല്‍ ഇളവുകൾ പ്രഖ്യാപിക്കുന്നതിന് അനുസരിച്ച് ജിംനേഷ്യങ്ങൾ തുറക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ.