മലപ്പുറം: വണ്ടൂരിൽ സര്‍ക്കാര്‍ കോളജ് ആരംഭിക്കണം എന്ന ആവശ്യവുമായി യുവ എഴുത്തുകാരൻ സജിൻ മാദരിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് നിരാഹാര സമരം തുടങ്ങിയത്.
'ഒരു മണ്ഡലത്തിൽ ഒരു സര്‍ക്കാര്‍ കോളജ്' എന്ന സർക്കാർ നയം വണ്ടൂർ മണ്ഡലത്തിലെ മലയോരമേഖലയായ കാളികാവിൽ നടപ്പാക്കുക എന്ന ആവശ്യമുന്നയിച്ചാണ് എഴുത്തുകാരനായ സജിൻ മാദരിയുടെ നേതൃത്വത്തിൽ സമരം നടത്തുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഈ ആവശ്യവുമായി മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും എംഎൽഎയെയും സമീപിച്ചെങ്കിലും അനുകൂലമായ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് നിരാഹാര സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് സജിൻ മാദരി പറഞ്ഞു. ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോടകം തന്നെ മണ്ഡലത്തിലെ നിരവധി ആളുകൾ സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.