മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തും മുൻപേ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ വൻ പ്രതിഷേധവുമായി എസ്‌എഫ്ഐ. സർവകലാശാല കാമ്പസില്‍ ഉപരോധ സമരം നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി (SFI protest against governor in Calicut campus). എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ നേതൃത്വത്തിലാണ് ഗവർണറുടെ വരവിന് മുൻപേ എസ്എഫ്ഐ ഉപരോധ സമരം നടത്തിയത്.
വന്നാല്‍ തടയുമെന്ന് എസ്എഫ്ഐയും തടയട്ടെ കാണാമെന്ന് തരത്തില്‍ ഗവർണറും നടത്തിയ വെല്ലുവിളികൾ കൊണ്ട് ശ്രദ്ധേയമാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സന്ദർശനം. 500 ഓളം എസ്എഫ്ഐ പ്രവർത്തകരാണ് സർവകലാശാലയില്‍ ഗവർണർ താമസിക്കാനെത്തുന്ന ഗസ്റ്റ്ഹൗസ് ബാനറുകളും കരിങ്കൊടിയുമായി ഉപരോധിച്ചത്. അഞ്ഞൂറോളം പൊലീസുകാരും കാമ്പസിലുണ്ടായിരുന്നു.
കൊണ്ടോട്ടി ഡിവൈ.എസ്.പി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിലാണ് സമരക്കാരെ പൊലീസ് പ്രതിരോധിച്ചത്. അതേസമയം അതിരൂക്ഷ വിമർശനമാണ് എസ്‌എഫ്ഐ നേതാക്കൾ ഗവർണർക്ക് എതിരെ നടത്തിയത്. ആർഎസ്എസ് പ്രവർത്തകരെ കാമ്പസുകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന പണിയാണ് ഗവർണർ ചെയ്യുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ആരോപിച്ചു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം കാമ്പസിന് അകത്തും പുറത്തും ഒരുക്കിയിരുന്നു. ഇസഡ് പ്ലസ് സുരക്ഷയിൽ സഞ്ചരിക്കുന്ന ഗവർണർക്ക് വൻ സുരക്ഷ ഒരുക്കാനാണ് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്.
ALSO READ: ഗവര്‍ണര്‍ ഇന്ന് കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍; മൂന്ന് ദിവസം താമസിക്കും
പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി : ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ കേസിലെ ഏഴ് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. എസ്എഫ്ഐ പ്രവർത്തകരായ യദുകൃഷ്‌ണൻ, ആഷിഖ് പ്രദീപ്, ആഷിഷ്, ദിലീപ്, റയാൻ, അമൻ, റിനോ സ്റ്റീഫൻ എന്നിവരുടെ ജാമ്യാപക്ഷയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നിരസിച്ചത്. കേസ് ഗൗരവമുള്ളതെന്ന് ആദ്യ ദിവസം തന്നെ നിരീക്ഷിച്ച കോടതി സംസ്ഥാനത്തെ പ്രഥമ പൗരനെതിരെയാണ് ആക്രമണം നടന്നതെന്നും പറഞ്ഞിരുന്നു.
പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ മൃദുസമീപനം സ്വീകരിച്ചപ്പോഴും, കോടതി എതിർപ്പ് വ്യക്തമാക്കിയിരുന്നു. നഷ്‌ടം വന്നാൽ അത് കെട്ടിവയ്ക്കാം എന്ന പ്രതിഭാഗം വാദം നടത്തിയപ്പോൾ 'പണം കെട്ടിവെച്ചാൽ എന്തും ചെയ്യാമെന്നാണോ' എന്നായിരുന്നു മജിസ്ട്രേട്ടിന്‍റെ പ്രതികരണം. പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം ലഭിച്ച ആറാം പ്രതിയും കോടതിയിൽ എത്തി. പിന്നാലെ ആറാം പ്രതിയുടെ ഇടക്കാല ജാമ്യം കോടതി പിൻവലിച്ചു. പ്രതിയെ 23-ാം തീയതി വരെ റിമാൻഡ് ചെയ്യുകയും ചെയ്‌തിരുന്നു.
READ MORE: ഗവർണറുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച കേസ്; എസ്‌എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി