മലപ്പുറം : കേരളത്തിലേക്ക് കാര്‍ഗോ വഴി സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തിൽ മലപ്പുറം കുറ്റിപ്പുറം സ്വദേശി അറസ്റ്റില്‍. അത്താണി കോറോത്ത് താഴത്തേതില്‍ മുഹമ്മദാലിയെയാണ് എസ്എച്ച്ഒ ശശീന്ദ്രന്‍ മേലയില്‍ പിടികൂടിയത്. ഗള്‍ഫില്‍ നിന്ന് കാര്‍ഗോ വഴി എത്തിച്ച ഫ്രിഡ്‌ജില്‍ നിന്ന് 14.5 കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തിലാണ് നടപടി.
ഗള്‍ഫില്‍ നിന്നും അയക്കുന്ന കാര്‍ഗോ വഴിയായിരുന്നു സ്വര്‍ണം കടത്തിയിരുന്നത്. വിദേശ സാധനങ്ങളുടെ കച്ചവടവും ഡ്യൂട്ടി ഫ്രീ ഷോപ്പും നടത്തിവരികയായിരുന്നു പ്രതി. ഇയാളുടെ വീട്ടില്‍ ഇടക്കിടെ ഫ്രിഡ്‌ജും എസിയും ഉള്‍പ്പെടെയുള്ള കാര്‍ഗോ എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ഇയാളുടേയും കൂട്ടാളികളുടെയും 14.5 കിലോ കള്ളക്കടത്ത് സ്വര്‍ണം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കൊച്ചിയില്‍ പിടികൂടിയത്. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് പ്രതിയുടെ വീടുകളിലും മറ്റും നടത്തിയ പരിശോധനയില്‍ തെളിവുകളും കണ്ടെത്തിയിരുന്നു.
ALSO READ: മലപ്പുറത്ത് എഞ്ചിനീയര്‍ ചമഞ്ഞ് അതിഥി തൊഴിലാളികളുടെ പണം കവര്‍ന്നു
തുടര്‍ന്ന് കോഫെപോസ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവിട്ടു. മുഹമ്മദാലിയെ കസ്റ്റഡിയിലെടുക്കാന്‍ മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസ് കുറ്റിപ്പുറം പൊലീസിന് നിര്‍ദേശവും നല്‍കി.
കസ്റ്റഡിയിലെടുത്ത മുഹമ്മദാലിയെ കുറ്റിപ്പുറം പൊലീസ് തിരുവനന്തപുരം ജയില്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കുകയായിരുന്നു. കൂട്ടാളികളായ രണ്ട് പേരെയും കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ നിന്ന് പിടികൂടി കരുതല്‍ തടങ്കലിലാക്കിയിരുന്നു.