മലപ്പുറം: ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ തിരൂരങ്ങാടി പാലച്ചിറമാടില്‍ നടന്ന പരിശോധനയില്‍ സംശയാസ്പദമായി 1.30 കോടി രൂപ വിലമതിക്കുന്ന നാലര കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. കെല്‍.11.എ.ഡബ്ല്യു.2217 നമ്പറില്‍ കോഴിക്കോടുള്ള ബി.വി.സി ലോജിസ്റ്റിക്കിന്‍റെ പ്രൈവറ്റ് കൊറിയര്‍ വാഹനത്തില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. ഫ്‌ളൈയിങ് സക്വാഡിലെ എടരിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണ്ണം പിടിച്ചെടുത്ത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
ഫിനാന്‍സ് ഓഫീസര്‍ എന്‍.സന്തോഷ് കുമാര്‍, അസിസ്റ്റന്‍റ് സ്റ്റേറ്റ്ടാക്‌സ് ഓഫീസര്‍ ജയപ്രകാശ് തുടങ്ങിയവര്‍ മലബാര്‍ ഗോള്‍ഡ് സ്ഥാപനത്തിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട രേഖകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ മതിയായ രേഖകള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വര്‍ണ്ണം ഉടമയ്ക്ക് തിരിച്ച് നല്‍കും.