മലപ്പുറം: മഴക്കാല രോഗപ്രതിരോധത്തിനായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന. നിപ പോലുള്ള സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ല സജ്ജമാണെന്നും മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശീലനം ഉറപ്പാക്കിയതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ജില്ലയിലെ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും നല്‍കി വരുന്നതായും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. മുൻകരുതലിന്‍റെ ഭാഗമായി ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കും. ആരോഗ്യകേന്ദ്രങ്ങളില്‍ ചുമയുമായി എത്തുന്നവര്‍ക്ക് മാസ്‌ക് വിതരണം ചെയ്യുമെന്നും മലപ്പുറം കളക്ടറേറ്റിൽ നടന്ന യോഗത്തില്‍ ഡിഎംഒ അറിയിച്ചു.
മാലിന്യ നിര്‍മാര്‍ജനത്തിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്നും കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുമെന്നും ഡിഎംഒ അറിയിച്ചു. ശുചിമുറികളില്‍ ശുചിത്വം ഉറപ്പാക്കും. പനിയുള്ളവര്‍ പൊതു ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നും നിർദ്ദേശമുണ്ട്. രോഗലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം ചികിത്സ തേടണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നുകളുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും ഡിഎംഒ വ്യക്തമാക്കി.