മലപ്പുറം: ചളിക്കല്‍ കോളനിയിലെ പ്രളയബാധിതരായ 34 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ഫെഡറല്‍ ബാങ്കിന്‍റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുന്ന വീടുകള്‍ക്ക് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് തറക്കല്ലിട്ടു. 2.10 കോടി രൂപയുടെ സമഗ്ര ഭവന നിര്‍മാണ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 45 ദിവസത്തിനകം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും.
ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള ട്രൈബല്‍ റിഹാബിലിറ്റേഷന്‍ ഡവലപ്‌മെന്‍റ് ജില്ലാ മിഷന്‍ ( ടി.ആര്‍.ഡി.എം) എടക്കര ഗ്രാമപഞ്ചായത്തില്‍ ഉതിരകുളത്ത് നല്‍കിയ ഭൂമിയിലാണ് വീടുകള്‍ നിര്‍മിക്കുന്നത്. ഇവിടെ 5.27 ഏക്കര്‍ ഭൂമി വാങ്ങുന്നതിനായി 1,81,23,125 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ജില്ലാ ഭരണകൂടവും പട്ടിക വര്‍ഗ വികസനവകുപ്പും ചേര്‍ന്നാണ് ഭൂമി കണ്ടെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രളയത്തില്‍ തകര്‍ന്ന കോളനികളിലെ താമസക്കാരെ പുനരധിവസിപ്പിക്കാന്‍ സ്ഥലം കണ്ടെത്താനും വീടുകള്‍ നിര്‍മിക്കാനുമുള്ള നടപടികള്‍ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആലീസ് അമ്പാട്ട്, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ. ഒ അരുണ്‍, പി.എന്‍ പുരുഷോത്തമന്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ടി.ശ്രീകുമാരന്‍, ഫെഡറല്‍ ബാങ്ക് സോണല്‍ മേധാവി റെജി ജോസഫ്, റീജിയണല്‍ മേധാവി ഹമീദ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കോളനി നിവാസികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.