മലപ്പുറം: ചന്ദനം വിറ്റ രണ്ട് പേരെ വനം വിജിലൻസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പുല്ലാര സ്വദേശി ഇല്ലിക്കൽ തൊടിക മൊയ്‌തീൻ (53), വള്ളുവംബ്രുറം മച്ചിക്കൽ മംഗല തൊടി മുഹമ്മദ് (42) എന്നിവരെയാണ് നിലമ്പൂർ വനം വിജിലൻസ് അറസ്റ്റ് ചെയ്‌തത്. റെയ്ഞ്ച് ഓഫീസർ എം.രമേശൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. 750 കിലോ ചന്ദനമാണ് വനം വിജിലൻസ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഏലിയാസ്, കോഴിക്കോട് വനം വിജിലൻസ് ഡി.എഫ് ഒ പി.ധനേഷ് കുമാർ എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്‌ഡ്.
മഞ്ചേരിയിലെ പഴയ കടമുറിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ചന്ദന മുട്ടികളും പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി സൂക്ഷിച്ച ചന്ദന ചീളുകളുമാണ് പിടിച്ചെടുത്തത്. മൊയ്‌തീൻ മുൻപും പല ചന്ദന കേസുകളിലെയും പ്രതിയായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഈ കടമുറി കേന്ദ്രീകരിച്ചാണ് ചന്ദന വിൽപനയെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. പിടിച്ചെടുത്ത ചന്ദനവും കേസിലെ പ്രതികളെയും എടവണ്ണ റെയ്ഞ്ച് ഓഫീസർ ഇംപ്രോസ് ഏലിയാസ് നവാസിന് കൈമാറും. മേഖലയിൽ മഞ്ചേരി കേന്ദ്രീകരിച്ചാണ് പ്രധാനമായും ചന്ദന വ്യാപാരം നടക്കുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന സൂചനയാണ് വനം വകുപ്പ് നൽകുന്നത്.