മലപ്പുറം: അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള വീടെന്ന ആവശ്യവുമായി 62 കിലോ മീറ്റര്‍ നടന്ന് എത്തി മലപ്പുറം കലക്‌ടര്‍ക്ക് അപേക്ഷ നല്‍കി 47കാരന്‍. കരുവാരക്കുണ്ട് മഞ്ഞള്‍പ്പാറയിലെ വാലിത്തുണ്ടില്‍ ഉമ്മര്‍ ഷാനവാസാണ് വേറിട്ട പ്രതിഷേധം നടത്തിയത്. ശക്തമായ മഴ പോലും വകവെക്കാതെയാണ് കഴിഞ്ഞ വ്യാഴാഴ്‌ച(7.07.2022) രാവിലെ ഒൻപതിന് ഗൃഹനാഥന്‍ മലപ്പുറം കലക്‌ടറേറ്റിലേക്ക് കാല്‍നടയായി പുറപ്പെട്ടത്.
ഭാര്യയും മൂന്ന് ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബമാണ് ഉമ്മര്‍ ഷാനവാസിന്‍റേത്. മഞ്ഞള്‍പ്പാറയില്‍ 15 സെന്‍റ് ഭൂമിയുണ്ട്. പക്ഷേ താമസിക്കാന്‍ സുരക്ഷിതമായൊരു വീടില്ല. ഓട്ടോറിക്ഷ ഓടിച്ചാണ് ഉമ്മര്‍ ഷാനവാസ് കുടുംബം പുലര്‍ത്തുന്നത്. നടുവേദനയായതിനാല്‍ പലപ്പോഴും ജോലിക്ക് പോകാനും കഴിയാറില്ലെന്ന് ഇദ്ദേഹം പറയുന്നു.
നിലവില്‍ താമസിക്കുന്നതാകട്ടെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേഞ്ഞ ഒരു കൂരയിലാണ്. ഇവിടെ കാട്ടാനകളും, പുലിയും പതിവായി എത്താറുമുണ്ട്. ഇത്തരമൊരു കൂരയിലെ താമസം സുരക്ഷിതമല്ലെന്നും ഇദ്ദേഹം പറയുന്നു. പല തവണ വീടിനായി അപേക്ഷ സമര്‍പ്പിച്ചങ്കിലും പരിഹാരമുണ്ടായില്ല.
Also Read: മഴയിൽ തകർന്ന പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് താത്കാലികമായി പുനർനിർമ്മിച്ചു
20 വര്‍ഷമായി താന്‍ ഇവിടുത്തെ താമസക്കാരനാണ്. സര്‍ക്കാരിന്‍റെ വിവിധ ഭവന നിര്‍മാണ പദ്ധതികളിലേക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും ലഭിച്ചില്ല. പലതവണ മുന്‍ഗണന പട്ടികയില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ തനിക്ക് സ്വന്തമായി ടാക്‌സി ഓട്ടോ ഉണ്ടെന്ന കാരണമാണ് അപേക്ഷ തള്ളാന്‍ കാരണമായി അധികാരികള്‍ പറയുന്നത്.
ലൈഫ് പദ്ധതിയില്‍ വീടിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും മുന്‍ഗണന ലിസ്റ്റില്‍ ഏറെ താഴെയാണ് തന്‍റെ പേര്. ആദ്യ ലിസ്റ്റില്‍ 580-ാം സ്ഥാനത്തായിരുന്നു. ഇതോടെ അപ്പീല്‍ നല്‍കി. ഇതുപ്രകാരം 596-ാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന പലരും ലിസ്റ്റില്‍ മുന്നിലാണെന്നും ഷാനവാസ് ആരോപിച്ചു.
ഇക്കാര്യങ്ങളില്‍ അധികാരികളുടെ ശ്രദ്ധ നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായാണ് പുതിയ പ്രതിഷേധ മുറയുമായി അദ്ദേഹം രംഗത്ത് എത്തിയത്. പരാതി നല്‍കിയ ശേഷം വൈകിട്ട് മൂന്നോടെ ഷാനവാസ് വീട്ടിലേക്ക് മടങ്ങി. പ്രതിഷേധം ഫലം കാണുമെന്നും തനിക്ക് വീട് നിര്‍മിക്കാന്‍ അധികാരികള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.