മലപ്പുറം: കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തതായി സംശയിച്ച് മങ്കട ചേരിയം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേര്‍ അറസ്റ്റില്‍. മങ്കട കൂട്ടിൽ സ്വദേശി നായകത്ത് ഷറഫുദ്ദീൻ (34), ആനക്കയം സ്വദേശി ചേലാതടത്തിൽ അബ്ദുൾ ഇർഷാദ് (31), നെല്ലിക്കുത്ത് സ്വദേശികളായ പാറാത്തൊടി ഷഹൽ (26), കോട്ടക്കുത്ത് കിഴക്കേതിൽ നിസാർ (32), മങ്കരത്തൊടി അബ്ദുൾ സത്താർ (26) എന്നിവരാണ് പിടിയിലായത്. മാര്‍ച്ച് 28ന് രാവിലെയാണ് സംഭവം. പുലര്‍ച്ച ടിപ്പര്‍ ലോറിയില്‍ ക്വാറിയിലേക്ക് പോകുന്ന വഴി ഇന്നോവ കാര്‍ റോഡിന് കുറുകെയിട്ട് തടസം സൃഷ്ടിച്ചാണ് പ്രതികള്‍ യുവാവിനെ തട്ടിക്കൊണ്ട് പോയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെ രാത്രി 11 മണിയോടെ യുവാവിനെ വളാഞ്ചേരി ടൗണില്‍ ഇറക്കിവിട്ട ശേഷം പ്രതികള്‍ കടന്നു കളഞ്ഞിരുന്നു. രാവിലെ സ്റ്റേഷനിലെത്തിയ യുവാവ് ക്വട്ടേഷൻ സംഘത്തിന്‍റെ വധ ഭീഷണിയെത്തുടർന്ന് കൂടുതൽ വിവരങ്ങൾ പൊലീസിനോട് പറയാൻ തയ്യാറായിരുന്നില്ല. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ദൃക്സാക്ഷി വിവരണങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തട്ടിക്കൊണ്ട് പോകലിന്‍റെ മുഖ്യ സൂത്രധാരനായ ഷറഫുദ്ദീന്‍ സദാചാര കൊലപാതകക്കേസിലും പ്രതിയാണ്.
കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. വിദേശത്ത് നിന്നും എയർപോർട്ട് വഴി നടത്തിയ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് മൊഴി. കൃത്യമായ ആസൂത്രണത്തോടെയാണ് യുവാവിനെ പ്രതികള്‍ തട്ടിക്കൊണ്ട് പോയത്. പ്രതികള്‍ ഒരാഴ്ചയോളം യുവാവിനെ പിന്തുടർന്ന് നീരീക്ഷിച്ച് വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടത്തുന്നതിനും ചോദ്യം ചെയ്യുന്നതിനുമായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.