മലപ്പുറം: നിലമ്പൂർ കോടതിക്ക് സമീപം അഞ്ച് ഏക്കറോളം സ്ഥലത്തെ അടിക്കാടുകൾ കത്തിനശിച്ചു. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും പടർന്ന് പിടിക്കാൻ സാധ്യതയുണ്ടായിരുന്ന തീ നിലമ്പൂരിൽ നിന്നെത്തിയ അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കി. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിലൂടെയാണ് തീ പൂർണമായും അണച്ചത്. വ്യാഴാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് നിലമ്പൂർ കോടതിയുടെ എതിർവശത്തുള്ള പറമ്പിലെ അടിക്കാടുകൾക്ക് തീപ്പിടിച്ചത്.
നിലമ്പൂർ ഹോസ്‌പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്‌ഥലം. ശക്തമായ കാറ്റുമൂലം കോടതിയുടെ പരിസര പ്രദേശങ്ങളിലേക്ക് പുക വ്യാപിച്ചു. കോടതിയുടെ ഭാഗത്തേക്കും സമീപ വീടുകളിലേക്കും തീ വ്യാപിക്കുന്നത് ഫയർ ഫോഴ്‌സ് വെള്ളമൊഴിച്ച് തടഞ്ഞു. നാട്ടുകാരും നിലമ്പൂർ പൊലീസും തീയണക്കാൻ സഹായിച്ചു. സ്റ്റേഷൻ ഒഫീസർ അബ്ദുൾ ഗഫൂറിൻ്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് അംഗങ്ങളാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തത്.