മലപ്പുറം : കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി അഗ്നിശമന സേന. പുലർച്ചെ നാലരയോടെ അറവങ്കര ചെറുവള്ളൂരിലാണ് സംഭവം. മേഞ്ഞു നടക്കുന്നതിനിടെയാണ് സമീപത്തുള്ള കിണറിൽ പോത്ത് വീണത്.
കുഴിക്കാടൻ ചോല ഉമ്മറിന്‍റെ മൂന്ന് വയസുള്ള പോത്താണ് മലപ്പുറം വലിയങ്ങാടി സ്വദേശിനി വരിക്കോടൻ ഖദീജയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ 35 അടിയോളം ആഴവും 15 അടിയോളം വെള്ളവുമുള്ള കിണറില്‍ വീണത്.
Also read: സംസ്ഥാനത്ത് പിജി ഡോക്ടർമാര്‍ പണിമുടക്കുന്നു ; സമരം 12 മണിക്കൂര്‍
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ടി. ജാബിർ, ടി. പി. ബിജീഷ് എന്നിവരുടെ സമയോചിതമായ രക്ഷാപ്രവർത്തനവും നാട്ടുകാരുടെ ഇടപെടലുമാണ് പോത്തിന്‍റെ ജീവന്‍ രക്ഷിച്ചത്.
സ്റ്റേഷൻ ഓഫിസർ എം. അബ്ദുള്‍ ഗഫൂറിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കൂടാതെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഒഫിസർ ജി. സുനിൽ കുമാർ, സേനാംഗങ്ങളായ സി.രജീഷ്, പി. അമൽ, കെ. പി. ജിഷ്‌ണു, ടി.സുബ്രഹ്മണ്യൻ, വി.ബൈജു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.