മലപ്പുറം: പണം ഇരട്ടിപ്പിച്ച് നൽകാം എന്ന് വാഗ്‌ദാനം നൽകി ഇല്ലാത്ത കമ്പനിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയ രണ്ട് പേർ പിടിയിൽ. വണ്ടൂർ സ്വദേശികളായ പെരക്കാത്ര പ്രവീൺ, തരിയറ ശ്രീജിത്ത് എന്നിവരെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. നിക്ഷേപിച്ചതിൻ്റെ ഇരട്ടി തുക നൽകാമെന്നും മാസം തോറും ലാഭവിഹിതം നൽകുമെന്നുമായിരുന്നു വാഗ്‌ദാനം.
സാധാരണക്കാരായിരുന്നു ഇവരുടെ തട്ടിപ്പിനിരയായവരിൽ അധികവും. വണ്ടൂർ കാപ്പിൽ സ്വദേശി തരിയറ ഹൗസിൽ ദേവാനന്ദ് ഭാര്യ സഹോദരി എന്നിവർ ചേർന്ന് രണ്ട് വർഷം മുമ്പ് മൈ ക്ലബ് ട്രേഡേഴ്‌സ് (എംസിറ്റി) എന്ന കമ്പനിയിൽ 5,30,000 രൂപ നിക്ഷേപിച്ചിരുന്നു.
ഇരട്ടി തുകയും മാസം തോറും 70,000 രൂപ വരെ ലാഭ വിഹിതവും നൽകാം എന്നായിരുന്നു വാഗ്‌ദാനം. തുടക്കത്തിൽ ആദ്യ മൂന്ന് മാസം ലാഭ വിഹിതം ലഭിക്കുകയും ചെയ്‌തു. തുടർന്ന് ലാഭ വിഹിതം കിട്ടാതായതോടെ ഇവർ പ്രതികളെ സമീപിച്ചപ്പോൾ പണം കമ്പനിയിൽ നിന്ന് ഉടൻ ലഭിക്കുമെന്ന് പറഞ്ഞ് തിരികെ അയച്ചു.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതായതോടെ ദേവാനന്ദ് വണ്ടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പ്രതികളായ പ്രവീണ്‍, ശ്രീജിത്ത് എന്നിവരെ പൊലീസ് പിടികൂടുകയായിരുന്നു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ സമാന രീതിയിൽ നിരവധി പേരിൽ നിന്ന് പണം തട്ടിയതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
വാങ്ങിയ പണം കമ്പനിയിൽ അടച്ചതായാണ് ഇവർ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. അതേസമയം പണം നിക്ഷേപിച്ചവർക്ക് രസീതോ, മറ്റ് രേഖകളോ നൽകിയിരുന്നില്ല. പ്രതികളെ പിടികൂടിയതറിഞ്ഞ് പണം നഷ്‌ടപ്പെട്ട ഏഴോളം പേർ പൊലീസിനെ സമീപിച്ചിട്ടുണ്ട്.
വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഇരുവരെയും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. അതേസമയം തട്ടിപ്പിനിരയായ കുടുതൽ പേർ പരാതിയുമായി രംഗത്തെത്തുമെന്ന കണക്ക് കൂട്ടലിലാണ് പൊലീസ്.
മലപ്പുറത്തെ ചിട്ടി തട്ടിപ്പ്: ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മലപ്പുറത്തെ ധനകോടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയും പണം തട്ടിപ്പ് പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. രണ്ട് ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്ന യുവാവിന് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകിയിരുന്നില്ല. തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കണ്ണൂരിൽ കോടികളുടെ തട്ടിപ്പ്: ജനുവരിയിൽ കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കണ്ണൂരിലെ അർബൻ നിധി എന്ന സ്ഥാപനത്തിലെ രണ്ട് ഡയറക്‌ടർമാരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തൃശൂർ വരവൂർ സ്വദേശിയായ കെഎം ഗഫൂർ, മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ഷൗക്കത്തലി എന്നിവരാണ് പിടിയിലായത്.
ഉയർന്ന പലിശ വാഗ്‌ദാനം ചെയ്‌ത് കോടികൾ നിക്ഷേപം സ്വീകരിച്ച് കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് നിക്ഷേപകരുടെ പരാതി. 3,94,68,964 രൂപയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 25 ഓളം പരാതികളാണ് വിവിധ സ്റ്റേഷനുകളിലായി പ്രതികൾക്കെതിരെ ലഭിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.