മലപ്പുറം: വ്യത്യസ്തത എറെ നിറഞ്ഞതായിരുന്നു ഡോ. തോമസ് ഐസക് അവതരിപ്പിച്ച പന്ത്രണ്ടാമത് ബജറ്റ്. വ്യത്യസ്തതകളിൽ ഒന്നായിരുന്നു ബജറ്റിലുടനീളം വിദ്യാർഥികൾ എഴുതിയ കവിതകളുടെ ഉപയോഗം. കരിങ്കപ്പാറ ജിയുപി സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അഫ്ര എഴുതിയ കവിതയാണ് ധനമന്ത്രി ബജറ്റിലെ പരിസ്ഥിതിയെന്നെ പത്താം ഭാഗത്തിന് ആമുഖമായി നൽകിയിരിക്കുന്നത്.
കൊവിഡ് പ്രയാസമനുഭവിക്കുന്ന സമയത്ത് പൊതുവിദ്യാഭ്യാസ വകുപ്പും സർവശിക്ഷാ അഭിയാനും ചേർന്ന് വിദ്യാർഥികളുടെ സർഗസൃഷ്‌ടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കിയ അക്ഷരവൃക്ഷം പദ്ധതിക്ക് വേണ്ടി അഫ്ര മർയം എഴുതിയ കവിതയാണ് മന്ത്രി ഉപയോഗിച്ചത്. പ്രകൃതിയുടെ വേദനകൾ പറയുന്ന സുഗതകുമാരി ടീച്ചറുടെ കവിതകളാണ് അഫ്രയ്ക്ക് കൂടുതൽ ഇഷ്ടം. അതുകൊണ്ട് തന്നെയാണ് കവിതയ്ക്കായി പ്രകൃതിയെ വിഷയമാക്കിയതെന്നും അഫ്ര മർയം പറഞ്ഞു.
കവിത ബജറ്റിൽ ഉൾപ്പെടുത്തിയതിലൂടെ കൂടുതൽ വായിക്കാനും, എഴുതാനുമുള്ള പ്രോത്സാഹനമാണ് മന്ത്രി നൽകിയതെന്നും അഫ്ര മർയം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ബജറ്റ് വാർത്തകൾ പുറത്തുവന്നതോടെയാണ് അഫ്രയും വീട്ടുകാരും ഇക്കാര്യം അറിയുന്നത്. കരിങ്കപ്പാറ പാറമ്മൽ സ്വദേശി കോഴിശ്ശേരി കുഞ്ഞിമരക്കാർ, മഞ്ഞണ്ണിയിൽ റുഖിയ ദമ്പതികളുടെ മകളാണ് അഫ്ര മർയം. നൂറ മർയം ഇരട്ട സഹോദരിയാണ്. മുഹമ്മദ് മുനീർ, അമീറ എന്നിവർ മറ്റു സഹോദരങ്ങളും. നിലവിൽ വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഫ്ര.