മലപ്പുറം: നിലമ്പൂരിലെ മമ്പാട് കാട്ടാനശല്യം രൂക്ഷം. ഇന്നലെ രാത്രി രണ്ട് മണിയോടെ പ്രദേശത്ത് കാട്ടനയിറങ്ങി. അയനി കുത്ത് ഷൗക്കത്തിന്‍റെ പാട്ടകൃഷിയിടത്തിലെ 150 വാഴകൾ ആന നശിപ്പിച്ചു. മാറാട്ട് റൂബി എസ്റ്റേറ്റിലെ കവുങ്ങുകളും തെങ്ങുകളും കാട്ടാനയുടെ ആക്രമണത്തില്‍ നശിച്ചു. വി.പി കോയ എന്ന വ്യക്തിയുടെ പത്തോളം തെങ്ങുകളും മറ്റ് സ്വകാര്യവ്യക്തികളുടെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. ആന ശല്യത്തിന് പുറമേ കുരങ്ങുകളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്.
ആന ശല്യത്തിന് പരിഹാരം തേടി എടക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിനെ സമീപിച്ചെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കർഷകർ ആത്മഹത്യയുടെ വക്കിലാണെന്നും അധികാരികളുടെ ഭാഗത്ത് നിന്നും എന്തെങ്കിലും പരിഹാരം ഉണ്ടായില്ലെങ്കിൽ വൻ പ്രക്ഷോഭം ആരംഭിക്കുമെന്നും നാട്ടുകാർ പറയുന്നു.