മലപ്പുറം: പ്രളയത്തിൽ സർവതും നഷ്‌ടപ്പെട്ട പൊന്നാനിയിലെ കുടുംബങ്ങൾക്ക് ഇനിയും താൽകാലിക ദുരിതാശ്വാസ തുക പോലും കിട്ടിയിട്ടില്ല. നഗരപരിധിയിൽ 1457 കുടുംബങ്ങൾ ദുരിതാശ്വാസത്തിന് അർഹരാണ് എന്നാണ് റിപ്പോർട്ട്. പ്രളയകാലത്ത് ഭാരത പുഴ കരകവിഞ്ഞ് ഏറ്റവുമധികം ദുരിതം വിതച്ചിരുന്ന ഈശ്വരമംഗലം കുറ്റിക്കാട് ഭാഗങ്ങളിലെ 50 കുടുംബാംഗങ്ങളാണ് ദുരിതാശ്വാസ തുകയ്‌ക്കായി നെട്ടോട്ടമോടുന്നത്.
ദുരിതാശ്വാസ സഹായം വൈകുന്നതിൽ പ്രതിഷേധിച്ച് കെ. കരുണാകരൻ സ്റ്റഡീസ് സെന്‍റർ ബ്ലോക്ക് ചെയർമാൻ എ.പവിത്രകുമാറിന്‍റെ നേതൃത്വത്തിൽ കുറ്റിക്കാട് മേഖലയിലുള്ളവർ സമരവുമായി രംഗത്ത് വന്നിരുന്നു.എന്നാല്‍ ഒരേ അക്കൗണ്ടിലേക്ക് രണ്ടു തവണ ദുരിതാശ്വാസ തുക എത്തിയത് റവന്യൂ ഉദ്യോഗസ്ഥർക്ക് തലവേദനയായിരുന്നു. തുക ലഭിച്ചവരെ കൊണ്ട് തിരിച്ചടപ്പിക്കാന്‍ ഉദ്യോഗസ്ഥർ പരമാവധി ശ്രമം നടത്തുന്നുണ്ട്.