മലപ്പുറം : സ്വകാര്യ ആശുപത്രിക്കെതിരെ സാമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തുന്നതായി പരാതി. ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും കൊവിഡ് 19 ബാധയാണെന്ന രീതിയിലാണ് പ്രചരണം നടക്കുന്നത്. ഇന്നലെയാണ് സംഭവം നടന്നതെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ കെ.ആർ.വാസുദേവൻ പറഞ്ഞു. നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചയോടെ ഛർദ്ദിയും തലവേദനയുമായി നിലമ്പൂർ സ്വദ്ദേശിനിയെ കൊണ്ടുവരികയുണ്ടായി. എന്നാൽ പരിശോധനയുടെ തുടക്കത്തിൽ തന്നെ കൊവിഡ് 19 രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഉടൻ തന്നെ യുവതിയെ കൊണ്ട് വന്ന വാഹനത്തിൽ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് അയച്ചുവെന്ന് ഡോക്‌ടർ പറഞ്ഞു. സംശയം തോന്നുന്ന രോഗികൾ വന്നാൽ സ്വകാര്യ ആശുപത്രികൾ നിലവിൽ ഇതാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രോഗിയിൽ നിന്നും ഡോക്‌ടർമാർക്കും ആശുപത്രി ജീവനക്കാർക്കും കൊവിഡ് വൈറസ് ബാധിച്ചതായാണ് വ്യാജ പ്രചരണം നടക്കുന്നതെന്ന് ഡോക്‌ടർ പറഞ്ഞു.
അതേസമയം യുവതിയുടെ ശ്രവം ജില്ലാ ആശുപത്രി അധികൃതർ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ഫലം വന്നാൽ മാത്രമേ രോഗബാധയെ സംബന്ധിച്ച് എന്തെങ്കിലും പറയാനാകൂവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ആശുപത്രിയെ മോശമായി ചിത്രീകരിക്കാനാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണം നടത്തുന്നതെന്ന് ഡോക്‌ടർ ആരോപിച്ചു.