മലപ്പുറം: തിരുവാലിയിൽ വൻ വ്യാജ മദ്യ വേട്ട. എക്സൈസ് ഇന്‍റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം തിരുവാലി കുളക്കാട്ടിരിയിൽ നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിലായി. ചാരായം കടത്തികൊണ്ടുവരികയായിരുന്ന മറ്റു രണ്ടു പേർ ചാരായം ഉപേക്ഷിച്ച് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കുളക്കാട്ടിരി ഭയങ്കരൻ വീട്ടിൽ ഉണ്ണികൃഷ്ണൻ (39)എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
കൂടാതെ ജ്യോതിഗിരി എസ്റ്റേറ്റിന്‍റെ പരിസരത്ത് നിന്ന് വാറ്റാൻ തയ്യാറാക്കിയ 220 ലിറ്റർ വാഷും നിരവധി പാത്രങ്ങളും വലിയ ഗ്യാസ് ബർണറും ഗ്യാസ് സിലിണ്ടറും കണ്ടെടുത്തു. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട കുളക്കാട്ടിരി സ്വദേശിയായ വിപിൻ (35) മുൻപ് ചാരായം വാറ്റിയതിന് പിടിയിലായിട്ടുള്ളയാളാണ്. ഓടി രക്ഷപ്പെട്ട പാലക്കാട് ആലത്തൂർ സ്വദേശിയായ രവി ഇയാളുടെ സഹോദരി ഭർത്താവാണ്. ഇരുവർക്കും വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ലിറ്ററിന് 1300 രൂപ മുതൽ 1500 രൂപ വരെ ഈടാക്കിയാണ് ഇവർ മേഖലയിൽ ചാരായം വാറ്റി വിൽപന നടത്തിയിരുന്നത്.
ലോക്ക് ഡൗൺ കാലത്ത് എക്സൈസ് വകുപ്പ് മലപ്പുറം ജില്ലയിൽ നടത്തിയ ഏറ്റവും വലിയ ചാരായ വേട്ടയാണിത്.