മലപ്പുറം: കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ ചട്ടങ്ങള്‍ മറികടന്ന് എസ്.എഫ്.ഐ നേതാവിന് മാര്‍ക്ക് ദാനം നല്‍കിയ സംഭവത്തില്‍ എം.എസ്.എഫ് യൂണിവേഴ്സിറ്റി പരീക്ഷ ഭവന്‍ ഉപരോധിച്ചു. അനധികൃതമായി ദാനം നൽകിയ മാർക്ക് പിൻവലിക്കുക, മാർക്ക് ദാനത്തിന് കൂട്ട് നിന്ന എച്ച്.ഒ.ഡി, പരീക്ഷാഭവൻ ഉദ്യോഗസ്ഥർ, പരീക്ഷ കൺട്രോളർ എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എം.എസ്.എഫ് സംസ്ഥാന ഭാരവാഹികൾ പരീക്ഷ ഭവൻ ഉപരോധിച്ചത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ എസ്.എഫ്.ഐ നേതാവും ഇപ്പോള്‍ ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും യൂണിവേഴ്‌സിറ്റിയിലെ താല്‍ക്കാലിക അധ്യാപികയുമായ വ്യക്തിക്ക് വേണ്ടിയാണ് സിന്‍ഡിക്കേറ്റ് ചട്ടങ്ങള്‍ മറികടന്ന് 21 മാര്‍ക്ക് ദാനം നല്‍കിയതെന്നാണ് ആരോപണം. സർവകലാശാലയിൽ വരാനിരിക്കുന്ന അധ്യാപക നിയമനത്തിൽ എസ്.എഫ്.ഐ നേതാവിനെ നിയമിക്കുന്നതിന് വേണ്ടിയാണ് സർവകലാശാലയും, സിൻഡിക്കേറ്റും മാർക്ക് ദാനം നടത്തിയിരിക്കുന്നതെന്നാണ് ആരോപണം. സിൻഡിക്കേറ്റ് അംഗം ഡോ. പി.റഷീദ് അഹമ്മദ് ഉപരോധം ഉദ്‌ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് അധ്യക്ഷം വഹിച്ചു.