മലപ്പുറം: ആളില്ലാത്ത വീടുകളില്‍ രാത്രിയില്‍ മോഷണം നടത്തിയ കേസില്‍ പിടിയിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വഴിക്കടവ് പുവ്വത്തിപ്പൊയില്‍ അക്ബറിനെയാണ്(50) മോഷണം നടത്തിയ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് എത്തിച്ചത്.
മോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി സെപ്തംബര്‍ 26ന് മോഷണ ശ്രമം നടത്തിയെന്ന വടപുറം സ്വദേശി സാജുജോസഫ് നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി മറ്റൊരു കോസില്‍ പൂക്കോട്ടുംപാടം പൊലീസിന്‍റെ പിടിയിലായത്. നിലമ്പൂര്‍ കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. സാജുജോസഫിന്‍റെ വീടിന്‍റെ മുന്‍ വാതില്‍ തകര്‍ത്ത് പ്രതി മോഷണ ശ്രമം നടത്തിയെങ്കിലും കാര്യമായി ഒന്നും ലഭിച്ചിരുന്നില്ല. വീടിന്‍റെ വാതില്‍ പൊളിക്കാനായി അടുത്ത വീട്ടില്‍ നിന്നെടുത്ത കോടാലി, കമ്പിപ്പാര, കത്തി തുടങ്ങിയവ ഒളിപ്പിച്ച സ്ഥലത്തുനിന്ന് പ്രതി തന്നെ പൊലീസിന് എടുത്തു കൊടുത്തു. സാജു ജോസഫിന്‍റെ വീട്ടില്‍ നിന്നെടുത്ത് സമീപത്തെ പള്ളി വരാന്തയില്‍ കിടന്നുറങ്ങാന്‍ ഉപയോഗിച്ച പുതപ്പും അതേ സ്ഥലത്തു നിന്നും ലഭിച്ചു.
കഴിഞ്ഞ മാസം 29ന് മോഷണം നടത്തിയ ചന്തക്കുന്ന് വെള്ളിയംപാടം മാട്ടുമ്മല്‍ സുബീനയുടെ വീട്ടിലും പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. അവിടെ നിന്ന് ചെറിയ സ്വര്‍ണാഭരണവും ആയിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.
20 വര്‍ഷമായി മലപ്പുറം, കോഴിക്കോട്, പാലക്കാട് , തമിഴ്‌നാട് നീലഗിരി ജില്ലകളുടെ വിവിധ ഭാഗങ്ങളില്ലായി നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. നിലമ്പൂര്‍ സിഐ ടി.എസ് ബിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.