മലപ്പുറം: മലപ്പുറം മേലെ മുണ്ടേരിയിൽ ആറ് ഏക്കർ പാട്ടസ്ഥലത്ത് രണ്ട് രാത്രി കൊണ്ട് ആനക്കൂട്ടം നശിപ്പിച്ചത് തച്ചറകുന്നൻ മുഹമ്മദിന്‍റെ 600ഓളം വാഴകളാണ്. പ്രളയത്തിൽ വൻ നാശം നേരിട്ട പാട്ടക്കർഷകൻ്റെ നേന്ത്രവാഴകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. വൈദ്യുതി വേലി തകർത്താണ് ആനക്കൂട്ടമെത്തിയത്.
കുന്നിന് മുകളിലെ കൃഷി സ്ഥലത്തേക്ക് ഏറെ കഷ്‌ടപ്പെട്ടാണ് വെള്ളം എത്തിച്ച് വേനലിൽ ഉണക്കം ബാധിക്കാതെ വാഴകൾ പരിപാലിച്ചു പോന്നിരുന്നത്. ഓണത്തിന് വിളവെടുപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നതാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി ആനക്കൂട്ടമെത്തി കൃഷി ചവിട്ടിമെതിച്ച് നശിപ്പിച്ചത്. രാത്രി കാവലിരിക്കാറുണ്ടെങ്കിലും ഇതിനിടയിൽ വീട്ടിൽ പോയ സമയത്താണ് സംഭവം. കഴിഞ്ഞ പ്രളയത്തിൽ 3000 വാഴകൾ നശിച്ചിരുന്നു. ഇതിനുള്ള നഷ്‌ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ല.