മലപ്പുറം: കാട്ടാന ശല്യം കാരണം ദുരിതത്തിലായിരിക്കുകയാണ് മമ്പാട് പുള്ളിപ്പാടം ചെറുനെല്ലിലെ വാഴ കർഷകർ. നൂറുകണക്കിന് വാഴകളാണ് ദിവസവും കാട്ടാനകൾ നശിപ്പിക്കുന്നത്. ഇതില്‍ പലതും കുലച്ച് മൂപ്പെത്താത്ത വാഴകളാണ് . ഉമ്മത്ത് സജീഷ്, മുഹമ്മദലി, സക്കീർ, സുകുമാരൻ, രാജൻ, വേലായുധൻ തുടങ്ങിയവരുടെ കൃഷിയിടത്തിലെ രണ്ടായിരത്തോളം വാഴകളാണ് ഇതിനോടകം കാട്ടാന നശിപ്പിച്ചത്. തൊട്ടടുത്തുള്ള വനമേഖലയിൽ നിന്നാണ് ആന ഇറങ്ങുന്നത്.
കർഷകർക്കൊപ്പം വനപാലകരും ചേർന്ന് രാത്രിയിൽ പടക്കം പൊട്ടിച്ച് ആനകളെ വിരട്ടി ഓടിക്കാറുണ്ടെങ്കിലും മണിക്കൂറുകൾക്കുശേഷം ആന പിന്നെയും വാഴത്തോട്ടത്തില്‍ ഇറങ്ങുകയാണെന്ന് കർഷകർ പറയുന്നു. പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങുന്ന തൊഴിലാളികളും മദ്രസാ വിദ്യാർഥികളും ആനയുടെ മുമ്പിൽ ചെന്നുപെടുന്നത് പതിവായിരിക്കുകയാണ്. വീടുകൾക്ക് നേരെയും ആനയുടെ ആക്രമണം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.